ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; മൂന്ന് മലയാളികള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍

Advertisement

ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികള്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ നബീല്‍, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് സര്‍ക്കാരില്‍ നിന്നും വിരമിച്ച ചീഫ് എന്‍ജിനീയര്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നു. ഇദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണ സംഘത്തിലുള്ളവരാണ് തങ്ങളെല്ലാം സംഘം പറഞ്ഞു.
ചില രേഖകളൊക്കെ കാണിച്ച് അറസ്റ്റ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 30 ലക്ഷം രൂപയോളം എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കോയമ്പത്തൂര്‍ സിറ്റി ക്രൈം സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആറു ലക്ഷം രൂപ അറസ്റ്റിലായ മലയാളികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം സമാന കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Advertisement