തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളിയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ എസ്ഐടി പരിശോധന. സ്വർണം ഇയാൾ ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിക്ക് വിറ്റതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 476 ഗ്രാം സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. സ്വർണം റാന്നി കോടതിയിൽ ഹാജരാക്കും. തുടർന്ന് ബംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷക സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരയിലെ വീട്ടിൽ പരിശോധന ആരംഭിച്ചു.
കർണാടകത്തിലെ ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിക്ക് വിറ്റെന്ന വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി അന്വേഷകസംഘം ബംഗളൂരുവിലെത്തി. ഇയാളെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചും തെളിവെടുക്കും. ശിൽപ്പപാളിയിലെ 476 ഗ്രാം സ്വർണം കവർന്നെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.
കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് വിവരം. രണ്ടു കേസുകളിലായി പ്രതിപ്പട്ടികയിലുള്ള ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും മുരാരി ബാബുവുമാണ് നിലവിൽ അറസ്‌റ്റിലായിട്ടുള്ളത്. ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിൽ ആറാം പ്രതിയുമാണ്. തട്ടിപ്പിനായി മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി മുരാരി ബാബു ഗൂഢാലോചന നടത്തിയതായി അന്വേഷക സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിപ്പട്ടിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതോടെ ഗൂ ഢാലോചനയിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
































