തിരുവന്തപുരം.സംസ്ഥാനത്തെ കൊള്ള പലിശക്കാരെ പൂട്ടാൻ നടപടി സ്വീകരിക്കാൻ പോലീസ്. അമിത പലിശ വാങ്ങി കച്ചവടം നടത്തുന്നവരുടെ എണ്ണം കൂടുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.23 മുതൽ 40% വരെ പ്രതിദിന പലിശ വാങ്ങുന്നവർ സജീവമെന്നും റിപ്പോർട്ട്.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊള്ള പലിശക്കാർ സജീവമാകുന്നു എന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ വ്യക്തമായത്. മീറ്റർ,കതിന,പുഞ്ചിരി എന്നീ പേരുകളിൽ ഒക്കെയാണ് പണം കൊള്ള പലിശയ്ക്ക് നൽകുന്നത്.പ്രധാനമായും കച്ചവടക്കാരെ കേന്ദ്രീകരിച്ച് 23 മുതൽ 40 ശതമാനം വരെ പ്രതിദിന പലിശക്കാണ് ഇടപാടുകൾ നടക്കുന്നത്.എറണാകുളം ജില്ലയിലെ പലിശക്കാരുടെ വീടുകളിൽ പണം നൽകിയതിന് പകരമായി വൻതോതിൽ ഭൂമിയുടെ രേഖകൾ ഉൾപ്പെടെ വാങ്ങി വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് ജില്ലതിരിച്ചുള്ള കണക്കുകൾ നൽകിയിരിക്കുന്നത്.ഒരു ദിവസം പലിശ മുടങ്ങിയാൽ അത് മുതലിനെക്കാൾ ഇരട്ടിയാകുന്ന രീതിയിൽ മാറുമെന്നും അന്വേഷണത്തിൽ കണ്ടെത്തി.കൊള്ള പൈസക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശം.ഓരോ പ്രദേശത്തെയും പ്രധാന കൊള്ള പലിശക്കാരുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



































