കായംകുളം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 33 സ്‌കൂളുകളുടെ കൂട്ടായ്മയായ കൊല്ലം സഹോദയാ ജില്ലാ കലോത്സവത്തിന് കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം സഹോദയാ പ്രസിഡന്റ് റവ. ഫാ. ഡോ.ഏബ്രഹാം തലോത്തില്‍ കൊടിയേറ്റി. നാല് കാറ്റഗറികളിലായി 141 ഇനങ്ങളില്‍ 33 സ്‌കൂളുകളില്‍ നിന്നായി 2500 ഓളം മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ സഹോദയാ സെക്രട്ടറി ഫ്രാന്‍സിസ് സാലസ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഗായത്രി സ്‌കൂള്‍ ചെയര്‍മാന്‍ സി.ഷാജി, ട്രഷറര്‍ ഫാ.അരുണ്‍ ഏറത്ത്, പ്രിന്‍സിപ്പല്‍ ലീനാ ശങ്കര്‍, സഹോദയ മുന്‍ പ്രസിഡന്റ് ഫാ. ബോവസ് മാത്യു, കണ്‍വീനര്‍ ആഷ്നാ രാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ഷീജാ. പി.നായര്‍, ഫാ. ജേക്കബ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. 9 വേദികളിലായി 141 ഇന മല്‍സരങ്ങള്‍ 2 ദിവസങ്ങളിലായി നടക്കും.
ഒന്നാം വേദിയില്‍ ദേശഭക്തിഗാനം, സംഘഗാനം, ഇംഗ്ലീഷ് നാടകം, ഒപ്പന, ദഫ്മുട്ട്, കോല്‍കളി എന്നിവയും, 2-ാം വേദിയില്‍ ഇംഗ്ലീഷ് പദ്യം ചൊല്ലല്‍, 3-ാം വേദിയില്‍ ക്ലാസിക്കല്‍ മ്യൂസിക്, ഫ്‌ളൂട്ട് എന്നിവയും, 4-ാം വേദിയില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും ഭരതനാട്യമത്സരവും മറ്റ് വിവിധ വേദികളില്‍ കുച്ചുപ്പുടി, മോഹിനിയാട്ടം, ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം പദ്യം ചൊല്ലല്‍, മിമിക്രി, മോണോആക്ട്, ഹിന്ദി പദ്യം ചൊല്ലല്‍ എന്നിവ നടക്കും.
രണ്ടാം ദിവസത്തെ കലാ മത്സരങ്ങളുടെ ഉദ്ഘാടനം സിനിമാതാരം സരയു നിര്‍വഹിക്കും. തുടര്‍ന്ന് 9 വേദികളിലായി സംഘനൃത്തം, മാര്‍ഗ്ഗംകളി, തിരുവാതിര, നാടോടിനൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ നടക്കും. മത്സരത്തില്‍ വിജയികളായവര്‍ക്ക് ട്രോഫികളും മെഡലുകളും കായംകുളം എംഎല്‍എ യു. പ്രതിഭ സമ്മാനിക്കും വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ കോട്ടയത്ത് നവംബറില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
































