തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തത്. ബുധൻ രാത്രി പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യൽ നടത്തിയിരുന്നു. ശേഷം റാന്നി കോടതിയിൽ ഹാജരാക്കിയ ബാബുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.
സ്വർണം പൊതിഞ്ഞ ശിൽപ്പപാളികൾ വെറും ചെമ്പുതകിടുകൾ എന്ന് മഹസറിൽ എഴുതി ശുപാർശ നൽകിയത് മുരാരി ബാബുവാണ്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം വേർതിരിച്ചുനൽകിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്കും അന്വേഷിക്കുകയാണ്. ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തി. സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും നാഗേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
പ്രതി മുരാരി ബാബുവിനെ പെരുന്ന എൻഎസ്‌എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്പിച്ചിരുന്നു. ആരോപണ വിധേയനായ ആൾ വൈസ്‌പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള എൻഎസ്‌എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നായിരുന്നു രാജി.
































