അങ്കമാലി.പെൺകുട്ടി ജനിച്ചു എന്നതിന്റെ പേരിൽ യുവതിയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുവതിയും കുടുംബവും. അന്ധവിശ്വാസിയായ ഭർത്താവിൽ നിന്ന് നേരിട്ട് ക്രൂരമായ പീഡനമെന്ന് യുവതി. സംഭവം കേരളത്തിന് നാണക്കേട് എന്ന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി.
അങ്കമാലി ഞാലൂക്കരയിൽ താമസിച്ചു വരികയായിരുന്ന യുവാവിനും യുവതിക്കും 2021 ലാണ് പെൺകുഞ്ഞ് ജനിക്കുന്നത്. അന്നുമുതൽ ഇന്നുവരെ ഭർത്താവിൽ നിന്ന് യുവതി നേരിടേണ്ടിവന്നത് ക്രൂരമായ പീഡനം. അപസ്മാര രോഗബാധിതയായ യുവതിയെ ശാരീരികവും മാനസികവും ആയി ബുദ്ധിമുട്ടിച്ചു. ഇരുമ്പ് വടി ഉപയോഗിച്ചുകൊണ്ടുള്ള മർദ്ദനത്തിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസിനു മുൻപിൽ ഹാജരാക്കിയിട്ടുണ്ട്. പൂജാകർമ്മങ്ങളും മറ്റും ചെയ്യുന്ന യുവതിയുടെ പിതാവിനെയും കുടുംബത്തെയും അസഭ്യം പറയുകയും ഇവരിൽനിന്ന് കൂടുതൽ പണം ആവശ്യപ്പെടുകയും ആയിരുന്നു ഭർത്താവ്.
ഭർത്താവ് അന്ധവിശ്വാസിയായിരുന്നു. ജോലിക്ക് പോകണം എന്ന് പറഞ്ഞപ്പോൾ നിനക്ക് മറ്റു ജോലി ഒന്നും കിട്ടില്ല വേശ്യാവൃത്തിക്ക് പോകേണ്ടി വരും എന്നൊക്കെ പറഞ്ഞു. തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു )
അങ്കമാലിയിൽ ഉണ്ടായത് കേരളത്തിന് നാണക്കേട് എന്ന് സംസ്ഥാന വനിതാ കമ്മീഷൻ അഡ്വക്കേറ്റ് പി സതീദേവി പ്രതികരിച്ചു.
മർദ്ദനം സഹികെട്ടപ്പോഴാണ് പരാതിപ്പെടാൻ കുടുംബം ഒരുങ്ങിയത്. മർദ്ദനത്തെ തുടർന്ന് പലതവണ യുവതിയെ ആശുപത്രിയിൽ ആക്കിയെങ്കിലും അപസ്മാരം വന്ന് വീണതിനെ തുടർന്നുണ്ടായ മുറിവ് എന്നാണ് ഭർത്താവ് പറഞ്ഞിരുന്നത്.
നിലവിൽ അങ്കമാലി പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതി ഒളിവിലാണ്. പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കുടുംബം.
































