ഉദുമയിൽ സിപിഐഎം നേതാവ് വീട്ടുതടങ്കലിലാക്കിയെന്ന മകളുടെ ആരോപണം തള്ളി കുടുംബം

Advertisement

കാസർഗോഡ്. ഉദുമയിൽ സിപിഐഎം നേതാവ് വീട്ടുതടങ്കലിലാക്കിയെന്ന മകളുടെ ആരോപണം തള്ളി കുടുംബം.
അരയ്ക്കു താഴെ തളർന്ന പെൺകുട്ടിയെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും, അന്യമതസ്ഥനായ വ്യക്തി മകളെ ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോൾ അത് തടയുകയാണ് ചെയ്തതെന്നും യുവതിയുടെ രക്ഷിതാക്കൾ അറിയിച്ചു. വീട്ടു തടങ്കലിലെന്ന ആരോപണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് 35 കാരി വീഡിയോ പുറത്തുവിട്ടത്.

ഇസ്ലാം മതത്തിൽപ്പെട്ട നാഡീവൈദ്യനുമായി ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് സിപിഐഎം പ്രവർത്തകനായ പി വി ഭാസ്കരൻ വീട്ടു തടങ്കലിൽ പാർപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മകൾ സംഗീത കഴിഞ്ഞദിവസം വീഡിയോ സന്ദേശം പുറത്തുവിട്ടത്. കാസർഗോട്ടെ പ്രാദേശിക വ്ലോഗർ വഴി പിന്നീട് ദൃശ്യങ്ങൾ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് യുവതിയുടെ രക്ഷിതാക്കൾ വിശദീകരണവുമായി രംഗത്തെത്തിയത്. നാഡീ വൈദ്യനായ നീലേശ്വരം സ്വദേശി റാഷിദ് സുഹൃത്ത് മുഖേന നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കോടതിവിധി.
റാഷിദ് പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും, ഭാര്യയും രണ്ടു മക്കളുമുള്ള റാഷിദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയെന്നും സംഗീതയുടെ പിതാവ് പി വി ഭാസ്കരൻ.

യുവതിയുടെ ചികിത്സയ്ക്കായി ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും കുടുംബം പുറത്തുവിട്ടു. 35 കാരിക്ക് തുടർ ചികില്‍സ നൽകി ആരോഗ്യം വീണ്ടെടുക്കാൻ ശ്രമം നടത്തുമെന്നറിയിച്ച കുടുംബം വീഡിയോ പുറത്തു വന്നതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Advertisement