യുവതി ലോഡ്ജില്‍ കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന ജീവനക്കാരനെ കാണാനില്ല

Advertisement

ആറ്റിങ്ങല്‍: ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി അസ്മിന (40) യുടെ മൃതദേഹമാണ് ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്.
ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്നു പോലീസ് പറഞ്ഞു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയില്‍ ചെറിയ മുറിവുണ്ട്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെന്നു പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്കു പോയതായി മറ്റു ജീവനക്കാര്‍ പോലീസിനോടു പറഞ്ഞു. ബുധനാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞും ജോബിയെ കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ജോബി ലോഡ്ജ് വിട്ടുപോയതായി സിസിടിവി വഴി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Advertisement