തിരുവനന്തപുരം:കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന ആരംഭിക്കുന്ന ‘നോർക്ക കെയർ’ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിന് പുറത്ത്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിവന്ന എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ 10 30 ന് തിരുവനന്തപുരം നോർക്ക ഓഫീസിന് മുമ്പിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് പത്മാലയം മിന്നിലാൽ അധ്യക്ഷൻ ആകുന്ന പ്രതിഷേധ സംഗമം കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രവാസി കോൺഗ്രസ് മുഖ്യരക്ഷാധികാരി തോമസ് സമര പ്രഖ്യാപനവും സംസ്ഥാന പ്രസിഡണ്ട് അജയകുമാർ അവകാശപത്രിക സമർപ്പണവും നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ്മാരായ ടി ശരത് ചന്ദ്രപ്രസാദ്, പാലോട് രവി, ഡിസിസി പ്രസിഡന്റ് എൻ ശക്തൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി ജെ മാത്യു, ഇ എം നസീർ, കൈരളി ശ്രീകുമാർ, ഷൗക്കത്തലി തുടങ്ങിയ വർ സമരാഭിവാദ്യങ്ങൾ നേരും. ജില്ലാ ഭാരവാഹികളായ ദീപാ ഹിജ്‌നസ്, ആറ്റുകാൽ ശ്രീകണ്ഠൻ, ജി സുദർശൻ, വിളയിൽ നാസർ, തെന്നൂർ ശിഹാബ്, സഫീർ ആലങ്കോട്, രമേശൻ നായർ, എം എസ് നായർ എന്നിവർ നേതൃത്വം നൽകും.
നോർക്ക കെയർ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല. അപ്പോൾ പിന്നെ രാജ്യത്തിന്റെ, പ്രത്യേകിച്ചും കേരള സംസ്ഥാനത്തിന്റെ, സാമ്പത്തിക സാമൂഹിക മേഖലകളിൽ സംഭാവന ചെയ്തവർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന ആവശ്യമാണ് സാധാരണക്കാരിൽ സാധാരണക്കാരായ തിരികെ വന്ന പ്രവാസികൾക്കുള്ളത്. നാട്ടിലേക്ക് മടങ്ങി വന്ന ശേഷം വലിയ സാമ്പത്തിക കടബാധ്യതയും ചികിത്സാ ചെലവുകളും കൊണ്ട് നട്ടംതിരിയുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ വേണ്ടവിധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കുന്നില്ല എന്നതാണ് അവസ്ഥ. പലരും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലോ ആരോഗ്യ പ്രശ്നങ്ങളാലോ നാട്ടിലേക്ക് തിരികെ വന്നവരാണ്. ഇവർക്ക് ‘നോർക്ക കെയറി’ന്റെ പരിരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ചുമതലയാണ്. നാട്ടിൽ തിരികെയെത്തിയ പ്രവാസികൾക്കും സാധുവായ നോർക്ക ഐഡി കാർഡ് നൽകി നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണ മെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി ജെ മാത്യു, ഇ എം നസീർ, കൈരളി ശ്രീകുമാർ, ജില്ലാ ഭാരവാഹികളായ ദീപ ഹിജിനെസ്, ജി സുദർശൻ, ആറ്റുകാൽ ശ്രീകണ്ഠൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.






































