പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ലോകപ്രശസ്ത ശില്പമായ ‘സാഗരകന്യക’ അനുമതിയില്ലാതെയും വികലമായും പരസ്യത്തിനായി ഉപയോഗിച്ചതിൽ പ്രതിഷേധം. തിരുവനന്തപുരം നഗരത്തിൽ ഒരു സ്വകാര്യ ആശുപത്രി സ്ഥാപിച്ച സ്തനാർബുദ അവബോധവുമായി ബന്ധപ്പെട്ട ഹോർഡിങ്ങാണ് വിവാദമായത്.
ശംഖുമുഖം കടൽത്തീരത്തെ കേരളത്തിന്റെ അഭിമാനമായ സാഗരകന്യകയുടെ ചിത്രം മാറിടം നഷ്ടപ്പെട്ട രീതിയിലാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സ്തനാർബുദ പരിശോധനയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, ശില്പത്തിന്റെ മാറിടം മുറിച്ചുമാറ്റിയ നിലയിൽ അവതരിപ്പിച്ചാണ് പരസ്യം നൽകിയിരിക്കുന്നത്.
ഇത് ‘വളരെ വികലമായ രീതിയിലുള്ള ചിത്രീകരണമാണ്’ എന്ന് ശില്പി കാനായി കുഞ്ഞിരാമൻ പ്രതികരിച്ചു.
വിഷയത്തിൽ നിയമനടപടിയിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ആലോചനയില്ലെന്നും, തനിക്ക് ഈ വിഷയം വലിയ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.
































