സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Advertisement

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 200 രൂപയാണ് ആദ്യം വര്‍ധിപ്പിക്കുക. പിന്നീട് 200 രൂപ കൂടി വര്‍ധിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി നീങ്ങിയിട്ടില്ലെങ്കിലും പെന്‍ഷന്‍ വര്‍ധിപ്പിക്കാം എന്ന് തന്നെയാണ് ധാരണയത്രെ. ഇതുസംബന്ധിച്ച് അടുത്ത മാസം ആദ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയേക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രധാന നീക്കങ്ങളും നടക്കുന്നുണ്ട്. പുതിയ ശമ്പള കമ്മീഷനെ നിയോഗിക്കുകയാണ് ആദ്യം ചെയ്യുക. 3 മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുപ്രധാന തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡിഎ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. പുതിയ വിവരങ്ങള്‍ അറിയാം..
ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നതാണ് ഇടതുസര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഏറ്റവും ഒടുവില്‍ ക്ഷേമ പെന്‍ഷന്‍ കൂട്ടിയത് 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷന്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നത് കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുക രണ്ട് ഘട്ടമായി

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും 2000 രൂപയില്‍ എത്തിക്കുകയത്രെ. ആദ്യം 200 രൂപ വര്‍ധിപ്പിച്ച് 1800 രൂപയാക്കുകയാണ് ചെയ്യുക. പിന്നീട് വീണ്ടും 200 രൂപ കൂടി വര്‍ധിപ്പിക്കും. അങ്ങനെയാകും 2000 രൂപയിലെത്തുക. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്.
അതിനിടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ആലോചന. ക്ഷേമ പെന്‍ഷന്‍ കൂട്ടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാത്രം കൂട്ടുന്നത് ജനവികാരം എതിരാകാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേമ പെന്‍ഷനും തൊട്ടുപിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വര്‍ധിപ്പിക്കുന്നത്.

ശമ്പളം, ക്ഷാമ ബത്ത
പുതിയ ശമ്പള കമ്മീഷനെ നിയോഗിക്കുകയാണ് ആദ്യം ചെയ്യുക. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരിക്കും തുടര്‍ നടപടികള്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചാല്‍ ശുപാര്‍ശ നടപ്പാക്കുന്നതിലേക്ക് കടക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതുക്കിയ ശമ്പളം കൈയ്യിലെത്തുമോ എന്ന കാര്യം കാത്തിരുന്നു കാണാം.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിക്കുന്ന പ്രഖ്യാപനത്തിനും സാധ്യതയുണ്ട്. കുട്ടിശ്ശിക പിഎഫില്‍ ലയിപ്പിക്കാനുള്ള ആലോചനയും നടക്കുന്നു. ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ക്ഷാമ ബത്ത തുടങ്ങിയ കാര്യങ്ങളില്‍ വൈകാതെ സര്‍ക്കാര്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി അടുത്ത മാസം ആദ്യത്തില്‍ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement