കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിച്ചു. ലോറി ഡ്രൈവറാണ് പ്രതി. എന്നാല്‍ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മധുരയില്‍ നിന്നും പിടിയിലായ പ്രതിയെ ഞായറാഴ്ച വൈകിട്ട് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. മോഷണം നടത്താനാണ് പ്രതി ഹോസ്റ്റലില്‍ കയറിയതെന്നാണ് വിവരം. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം.യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയത്.
കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായി വിവരമുണ്ടായിരുന്നു. ഇന്ന് രാവിലെ മധുരയില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
































