കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മുത്തശ്ശിക്കും കുഞ്ഞിനും ദാരുണാന്ത്യം

Advertisement

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് വെങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. വെങ്ങല്ലൂര്‍ സ്വദേശികളായ ആമിന ബീവി, അവരുടെ നാലു മാസം പ്രായമുള്ള കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ് മരിച്ചത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ശങ്കരപ്പള്ളിക്ക് സമീപത്തുവെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വെളുത്തുവല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചാമോനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടം നടന്നയുടന്‍ നാട്ടുകാരാണ് കാറിനുള്ളില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. പിന്നീട് മുട്ടം പൊലീസെത്തി ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആമിന ബീവിയുടെയും മിഷേല്‍ മറിയത്തിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement