കൊച്ചി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്കുമായെത്തിയ യുവാവ് പിടിയിൽ. ഉദയംപേരൂർ വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയായ സ്വദേശി അജീഷാണ് നിരീശ്വരവാദ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിൽ തോക്കുമായെത്തിയത്.ലൈസൻസ് ഉള്ള തോക്കാണെന്ന് പോലീസ് വ്യക്തമാക്കി. അജീഷിന്റെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വതന്ത്ര ചിന്തകളുടെ കൂട്ടായ്മ പരിപാടിയിലാണ് സംഭവം.
തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയിലാണ് അജീഷ് തോക്കുമായി എത്തിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. സുരക്ഷാ പരിശോധനക്കിടെയാണ് അജീഷിന്റെ പക്കൽ തോക്ക് കണ്ടെത്തിയത്.
വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ പോലീസ് അജീഷിനെ കസ്റ്റഡിയിലെടുത്ത് , സ്റ്റേഡിയത്തിൽ വ്യാപക പരിശോധന നടത്തി.
വിശദമായ ചോദ്യം ചെയ്യലിലാണ് വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയാണ് അജീഷ് എന്ന് മനസിലായത്. പരിപാടിക്ക് എത്തിയതാണെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് തോക്ക് സൂക്ഷിച്ചതെന്നും ഇയാൾ മൊഴി നൽകി. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് മൊഴി രേഖപ്പെടുത്തി ഇയാളെ വിട്ടയച്ചത്




































