വൻ ഇടിവിന് ശേഷം ഞായറാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 11,995 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ വില 95,960 രൂപയിലും തുടരുകയാണ്. 24 കാരറ്റ് സ്വർണത്തിന് 13,086 രൂപയും 18 കാരറ്റിന് 9814 രൂപയുമാണ് കേരളത്തിലെ വില.
അതുപോലെ രാജ്യത്തെ പല നഗരങ്ങളിൽ വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,72,000 രൂപ നൽകണം. അതേസമയം, കേരളത്തിലെ വിപണിയിൽ ഒരു കിലോ വെള്ളിക്ക് 1,90,000 രൂപയാണ് വില.
അഞ്ചു ദിവസത്തെ ദീപാവലി ആഘോഷത്തിന് തുടക്കം കുറിച്ച ധന്തേരാസ് ദിവസം സ്വർണത്തിന് വൻ ഡിമാൻഡാണ് രേഖപ്പെടുത്തിയത്. സ്വർണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിവസമാണ് ധന്തേരാസ് എന്നാണ് വടക്കേ ഇന്ത്യക്കാരുടെ വിശ്വാസം. സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വർണാഭരണം വാങ്ങുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് വിലക്കയറ്റത്തിലുണ്ടായ ട്വിസ്റ്റ്.
രണ്ട് മാസത്തെ കുതിപ്പിന് ശേഷം സ്വർണ വില ശനിയാഴ്ച കനത്ത ഇടിവ് നേരിട്ടിരുന്നു. 1400 രൂപയുടെ ഇടിവാണുണ്ടായത്. ഒരു ലക്ഷം കടക്കാൻ വെറും 2640 രൂപ മാത്രം ബാക്കിനിൽക്കെയാണ് സ്വർണ വില കൂപ്പുകുത്തിയത്.
































