പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പരിശോധന. പിടിച്ചെടുത്തവയിൽ പണവും സ്വര്‍ണവും കോടികളുടെ ഭൂമിയിടപാട് രേഖകളും ഉൾപ്പെടുന്നു. കണ്ടെടുത്ത
ആഭരണങ്ങൾക്ക് കൃത്യമായ രേഖകളില്ല. ഉണ്ണിക്കൃഷ്‌ണന്റെ മൊബൈൽഫോൺ, ലാപ്ടോപ്പ്, വീട്ടിലുണ്ടായിരുന്ന സാന്പത്തിക–വസ്‌തു ഇടപാട് രേഖകൾ എന്നിവ പിടിച്ചെടുത്തു. ചില രേഖകൾ നശിപ്പിച്ചെന്ന സംശയത്താൽ, കരിയില കത്തിച്ച സ്ഥലങ്ങളും പരിശോധിച്ചു. റവന്യു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. മോഷ്‌ടിച്ച സ്വർണം എവിടെയെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല. ശ്രീകോവിലിലെ കട്ടിളയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഇയാളുടെഅറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സ്വർണംപൊതിഞ്ഞ പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ചമച്ച ദേവസ്വം മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും.
സ്വർണം തട്ടിയെടുക്കാൻ ചെന്നൈ, ബംഗളൂരു സംഘമാണ് പദ്ധതിയിട്ടതെന്നും താൻ കണ്ണിമാത്രമായിരുന്നെന്നും ഉണ്ണിക്കൃഷ്‌ണൻ മൊഴി നൽകിയിട്ടുണ്ട്. ചില ദേവസ്വം ഉദ്യോഗസ്ഥരും തട്ടിപ്പിൽ പങ്കാളിയായെന്നും പറഞ്ഞു. എന്നാൽ പൂർണമായും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണം വേർതിരിച്ച സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. എത്രയും വേഗം സ്വർണം കണ്ടെത്താനാണ് അന്വേഷക സംഘത്തിന്റെ ശ്രമം. ചൊവ്വാഴ്‌ച അന്വേഷക സംഘം ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയേക്കും.
































