കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി പുറത്തെത്തിച്ചു.
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള മഞ്ഞക്കടവിൽ കൃഷിയിടത്തിലെ പൊട്ടക്കിണറ്റിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരിച്ചതിന് ശേഷം വനം വകുപ്പ് നടത്തിയ ഊർജിതമായ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കിണറ്റിൽ സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. പുലിയെ പിടികൂടാൻ വനം വകുപ്പ് കിണറ്റിൽ കൂടും സ്ഥാപിച്ചു. ചൊവ്വ രാത്രിയാണ് പുലി കിണറ്റിലകപ്പെട്ടത്.
കുര്യാളശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റിലാണ് പുലി പെട്ടുപോയത്. കിണറ്റിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൃഷിയിടത്തിലെ ജീവനക്കാരനും ഒപ്പമുണ്ടായിരുന്ന ആളും കണ്ടെങ്കിലും പുലിയോട് സാദൃശ്യമുള്ള ജീവിയെന്ന സംശയമാണുണ്ടായിരുന്നത് ആദ്യ ഘട്ടത്തിൽ. കിണറ്റിനകത്തെ മാളത്തിലേക്ക് ജീവി കയറിപ്പോകുന്നതായാണ് കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥർ മൂന്നുദിവസം കിണറ്റിൽ പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്തിയിരുന്നില്ല. വെള്ളിയാഴ്ച സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെയാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
പുലിയെ പിടികൂടാൻ വനം വകുപ്പ് ശനി ഉച്ചയോടെ കിണറ്റിൽ കൂട് സ്ഥാപിച്ചു. കൂട്ടിൽ കോഴിയേയും ഇറക്കി ശ്രമം നടത്തി നോക്കിയിരുന്നു. മുക്കം അഗ്നിരക്ഷാ സേനയുടെ ട്രൈപ്പോഡ് സ്റ്റാൻഡ്, റോപ്പ്, പുള്ളി സിസ്റ്റം എന്നിവ ഉപയോഗിച്ചാണ് കിണറ്റിലേക്ക് കൂട് സുരക്ഷിതമായി ഇറക്കിയത്. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുന്നതിൽ ഉൾപ്പടെ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
































