അട്ടപ്പാടി . ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പിടിയിലായ ഭർത്താവ് പഴനിയപ്പൻ കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ വള്ളിയമ്മയെ കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നും പഴനിയപ്പൻ മൊഴിനൽകിയത്. പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.
രണ്ട് മാസം മുൻപാണ് വള്ളിയമ്മയെ കാണാതായത്. തുടർന്ന് മക്കൾ പരാതിപ്പെട്ടിരുന്നു. പഴനിയപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
വള്ളിയമ്മയുടെ രണ്ടാം ഭർത്താവാണ് പ്രതി പഴനി. ഇയാൾക്ക് രണ്ടാളും മറ്റൊരു കുടുംബം ഉള്ളതായും വിവരമുണ്ട്. പുതൂർ ഇലച്ചിവഴി ഉന്നതി സ്വദേശികളാണെങ്കിലും ഉൾപ്രദേശമായ ആഞ്ചക്കക്കൊമ്പ് ഉന്നതിയിലായിരുന്നു ഇരുവരും താമസം.വിറക് ശേഖരണത്തിനായി കാട്ടിലേക്ക് പോയപ്പോൾ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പഴനി വള്ളിയമ്മയെ കാട്ടിൽ തന്നെ കുഴിചിട്ടു.വീണ് പരിക്കേറ്റ വള്ളിയമ്മ മരിക്കുകയായിരുന്നു എന്നാണ് പഴനി ആദ്യം പോലീസിന് മൊഴി നൽകിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.






































