കണ്ണൂര്‍: പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍ പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ പിപി രാജേഷിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാര്‍കുന്ന് കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകിയുടെ ഒന്നേകാല്‍ പവന്‍ മാല കവര്‍ന്നത്. വീടിനരികെ നിന്നു മീന്‍ മുറിക്കുന്നതിനിടെ, സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടറില്‍ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി. നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ പോകുന്ന കറുത്ത ഷര്‍ട്ടും പാന്റും ധരിച്ചയാളുടെ ചിത്രമാണ് പൊലീസിന് ലഭിച്ചത്. കൂടുതല്‍ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനു പിന്നാലെയാണ് പ്രതി നഗരസഭ കൗണ്‍സിലറാണെന്നു തെളിഞ്ഞതും അറസ്റ്റു ചെയ്തതും.
































