‘ബസ് ഹോസ്റ്റസ്, പേഴ്സണൽ ടിവി, ബിസിനസ് ക്ലാസ് സീറ്റ്, തിരുവനന്തപുരം- കൊച്ചി 4 മണിക്കൂർ’; ബിസിനസ് ക്ലാസ്’ സർവീസുമായി കെഎസ്ആർടിസി

Advertisement

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങി കെഎസ്ആ‍ർടിസി. ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുകയെന്നും, ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നും മന്ത്രി പറ‍ഞ്ഞു.

25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും. 2026 ഡിസംബറിൽ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിർമ്മിതബുദ്ധിയുടെ (AI) സഹായം തേടുമെന്ന് മന്ത്രി അറിയിച്ചു.

ഒരേ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ ബസുകൾ ഓടുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കും. ജിപിഎസ് സഹായത്തോടെ ഗതാഗതക്കുരുക്ക് മുൻകൂട്ടിയറിഞ്ഞ് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതോടെ യാത്രകൾ കൂടുതൽ സുഗമമാകും. ഇതിനൊപ്പം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങളും വരുന്നുണ്ട്. ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ വെച്ചുതന്നെ ലൈസൻസ് നൽകാനുള്ള സംവിധാനമൊരുക്കുന്നതോടെ ലൈസൻസ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണ്ണമായും ഒഴിവാകും. ഈ മുന്നേറ്റങ്ങൾ കേരളത്തിൻ്റെ ഗതാഗത സംവിധാനങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല.

Advertisement