ചേര്‍ത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Advertisement

ചേര്‍ത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്നു കൊലക്കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിയായി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഏറ്റുമാനൂര്‍ ജൈനമ്മ തിരോധാന കേസും ബിന്ദു പത്മനാഭന്‍ തിരോധാനവും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഐഷയുടെ തിരോധാനം ചേര്‍ത്ത പൊലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ, റിമാന്‍ഡിലായിരുന്ന സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഐഷയേയും കൊലപ്പെടുത്തി എന്ന് സമ്മതിച്ചതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസ് കൊലപാതകക്കേസാക്കി മാറ്റി, സെബാസ്റ്റ്യനെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഈ കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലേ ഐഷയെ എന്തിന്, എങ്ങനെ കൊലപ്പെടുത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.
2012 ലാണ് ചേര്‍ത്തല സ്വദേശിനി ഐഷയെ കാണാതാകുന്നത്. നേരത്തെ ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്ന് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ചില അസ്ഥികൂട അവശിഷ്ടങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് ആരുടേതാണെന്ന ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്.

Advertisement