ജംബോ കമ്മിറ്റി എന്താ മോശാ, കെസി കേരളത്തിലേക്കോ

Advertisement

ന്യൂഡെല്‍ഹി.ജംബോ കമ്മിറ്റി എന്നത് ആള്‍ക്കൂട്ടപാര്‍ട്ടിയായ കോണ്‍ഗ്രസിന് പുത്തരിയല്ല, പരിഹാസം നേരിടേണ്ടി വരുമെങ്കിലും കെ.പി.സി.സി പുനസംഘടന പട്ടികയിൽ ഹൈക്കമാൻഡിന് ചില ലക്ഷ്യങ്ങളുണ്ട് എന്നാണ് സൂചന. എല്ലാ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം നൽകിയെന്നാണ് കണക്കുകൂട്ടൽ. കെ സി വേണുഗോപാൽ കേന്ദ്രത്തിലെ ഓഫിസ് പൂട്ടി കേരളത്തില്‍ മുറി തുറന്നു എന്ന ആക്ഷേപം തൽക്കാലം തണുപ്പിക്കാൻ ആവും.

സ്ഥിരം കരുക്കള്‍ ഉണ്ടെങ്കിലും സ്ത്രീപ്രാതിനിധ്യം കുറവെങ്കിലും വൈസ് പ്രസിഡൻ്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും എണ്ണം കുത്തനെ കൂടി. നിലവിലെ ഭാരവാഹികൾക്ക് പ്രമോഷൻ നൽകിയാണ് പുതിയ പട്ടിക. പഴയ ഭാരവാഹികളും ജനപ്രതിനിധികളും ഒഴിച്ച് നിർത്തിയാൽ പുതുമുഖങ്ങൾ നന്നേ കുറവ്. എന്നാൽ പ്രധാന ഗ്രൂപ്പുകൾക്കെല്ലാം മതിയായ പങ്കാളിത്തം ഉറപ്പിക്കാനായി. പട്ടിക പ്രഖ്യാപനത്തിനു ശേഷമുള്ള പൊട്ടിത്തെറി ഇത്തവണ ഉണ്ടായേക്കില്ല. അസ്വാരസ്യങ്ങൾ ഉണ്ടായാലും സെക്രട്ടറി പദം ഒഴിച്ചിട്ടിരിക്കുന്നതും ഹൈക്കമാന്റിന്റെ ദീർഘവീക്ഷണം. പരാതിയുള്ളവർക്ക് സെക്രട്ടറി പദം ഓഫർ ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഡി.സി.സി പുനസംഘടന വലിയ തർക്കങ്ങൾക്ക് വഴിവയ്ക്കുമെന്ന തിരിച്ചറിവ് ഹൈക്കമാൻഡിന് ഉണ്ട്. അതോടെയാണ് ഡിസിസി പുനസംഘടന തൽക്കാലം ഉപേക്ഷിച്ചത്. രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറംഗങ്ങൾ പുതുതായി എത്തിയത് അപ്രതീക്ഷിതമാണ്. പുതിയ രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളിൽ മൂന്നു പേർ എ ഗ്രൂപ്പുകാരും രണ്ടുപേർ ഐ ഗ്രൂപ്പുകാരുമാണ്. കെസി വേണുഗോപാൽ പക്ഷക്കാരനായ രാജ്മോഹൻ ഉണ്ണിത്താനും രാഷ്ട്രീയകാര്യ സമിതിയിൽ എത്തി. വൈസ് പ്രസിഡന്റുമാരിൽ ശരത് ചന്ദ്രപ്രസാദും, എം. ലിജുവും, എ.എ ഷുക്കൂറും രമേശ് ചെന്നിത്തലയുടെ നോമിനികളാണ്. പാലോട് രവിയും മാത്യു കുഴൽനാടനും കെ.സി വേണുഗോപാൽ പക്ഷത്തുനിന്ന് ഇടംപിടിച്ചു. വി.ടി. ബൽറാമും , എം. വിൻസെൻ്റുമാണ് വി.ഡി സതീശന്റെ നോമിനികൾ. വി.പി സജീന്ദ്രൻ, രമ്യാ ഹരിദാസ് , റോയി കെ പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡൻ്റുമാരിലെ എ ഗ്രൂപ്പുകാർ. പഴയ ഐ ഗ്രൂപ്പെങ്കിലും ഹൈക്കമാൻഡ് പ്രതിനിധിയായാണ് ഹൈബി ഈഡൻ വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഇടം പിടിച്ചത്. കെ സുധാകരൻ മുന്നോട്ട് വച്ച ഡി സുഗതനും വൈസ് പ്രസിഡൻ്റായി. ഏറെക്കാലമായി ഒഴിഞ്ഞു കിടന്ന കെ.പി.സി.സി ട്രഷറർ സ്ഥാനത്തേക്ക് സണ്ണി ജോസഫിന്റെ അടുപ്പക്കാരനായ വി.എ നാരായണൻ എത്തി. ജംബോ പട്ടികയിൽ 19 പേർ തങ്ങളുടെ നോമിനികൾ ആണെന്നാണ് ഐ ഗ്രൂപ്പിൻ്റെ അവകാശവാദം. മതിയായ പ്രാതിനിധ്യം കിട്ടിയെന്ന് എ ഗ്രൂപ്പും പ്രാഥമികമായി കണക്കുകൂട്ടുന്നു. മുഴുവൻ പട്ടികയിൽ എല്ലാ ഗ്രൂപ്പുകൾക്കും തെറ്റല്ലാത്ത പ്രാതിനിധ്യം ഉണ്ടെങ്കിലും കെ.സി വേണുഗോപാൽ എഫക്ട് പ്രകടമാണ്. തർക്കം ഒഴിവാക്കാനുള്ള ജംബോ പട്ടിക തന്ത്രം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്.

Advertisement