ആലപ്പുഴ.ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഇന്നലെ വീട്ടിലെത്തിയ നേതാക്കളോട് ജി സുധാകരൻ പരാതി പറഞ്ഞിരുന്നു. തർക്കങ്ങൾക്കിടെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. സുധാകരനെ കൊച്ചാക്കി അടക്കിയിരുത്താനാണ് രേഖ പുറത്തുവിട്ടതെന്ന പ്രചരണമുണ്ട്.
പാർട്ടി നേതൃത്വവും ജി സുധാകരനും തമ്മിലുള്ള പോരിനിടെയായിരന്നു 2021ലെ അന്വേഷണ റിപ്പോർട്ട് പുറത്തായത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ജി സുധാകരന്റെ വീഴ്ച്ചകൾ എണ്ണി പറഞ്ഞുള്ള റിപ്പോർട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്ക് തലവേദനയായി. ജി സുധാകരന് നാണക്കേടും. ഇതോടെയാണ് പാർട്ടിയോട് പരാതി പറഞ്ഞത്. റിപ്പോർട്ട് പുറത്ത് വിട്ടവരെ കണ്ടെത്തണം, നടപടി സ്വീകരിക്കണം, ഗൂഡാലോചന പുറത്തു കൊണ്ടു വരണം. വീട്ടിലെത്തിയ കേന്ദ്രകമ്മറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറി ആർ നാസറിനോടും ജി സുധാകരൻആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റി അന്വേഷണം ആരംഭിച്ചു. നവംബർ ആദ്യവാരം ചേരുന്ന ജില്ലാ കമ്മറ്റിയിൽ അന്വേഷണത്തിന്റെ വിവരങ്ങൾ വ്യക്തമാക്കും. പാർട്ടിയെ ബാധിക്കുന്ന പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് ജി സുധാകരനും മറ്റു നേതാക്കൾക്കും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.






































