ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ നേതാക്കൾ ക്ഷണിക്കുകയും ചെയ്തു.
വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്കാണ് ക്ഷണം. കുട്ടനാട്ടിൽ ഞായറാഴ്ചയാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ എംഎ ബേബി, എംവി ഗോവിന്ദൻ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കുന്നുണ്ട്.
സിപിഎം നേതൃത്വത്തിനെതിരെ ജി സുധാകരൻ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുനയ നീക്കം ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും ജി സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ജി സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്. ജി സുധാകരന്റെ പരാതികളിൽ എടുത്ത നടപടികൾ നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തുകയും പാർട്ടി നേതാക്കൾക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യം തീരുമാനിച്ചില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ നടപടികളിൽ തൃപ്തനല്ലെന്നും ജി സുധാകരൻ അറിയിച്ചു.






































