കോഴിക്കോട്. പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞത് പോലീസെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ. ആറ് ദൃശ്യങ്ങൾ ഡിസിസി പ്രസിഡന്റ് പുറത്തുവിട്ടു. ഷാഫി പറമ്പിൽ എം പിക്ക് എതിരായ അതിക്രമത്തിൽ
രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയർന്നതോടെ അത് മറയ്ക്കാൻ കള്ള പ്രചരണം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
വെള്ളിയാഴ്ച ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്. യുഡിഎഫ് പ്രവർത്തകരാണ് പോലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞതെന്ന് കണ്ടെത്തി പോലീസ് കേസെടുക്കുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ 6 ദൃശ്യങ്ങൾ പുറത്തുവിട്ടത്.
സംഭവം നടന്ന നാലാം ദിവസം കരിമരുന്ന് പുരണ്ട നൂൽ, ഇരുമ്പുചീളുകൾ എന്നിവ കണ്ടെത്തിയെന്ന പൊലീസ് വാദം യുഡിഎഫ് തള്ളി. അങ്ങനെ തെളിവ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് പോലീസ് കൊണ്ടുവന്നിട്ടതാകുമെന്നും ആരോപണം.
ഷാഫി പറമ്പിൽ എം പിക്കെതിരായ അക്രമം അപലപനീയം എന്നും പ്രതിഷേധം ശക്തമായതോടെ അത് മറക്കാനുള്ള കള്ള പ്രചാരണമാണ് പോലീസും സിപിഐഎമ്മും നടത്തുന്നത് എന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്.
ഷാഫിക്ക് എതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്ര പോലീസ് സ്റ്റേഷനു മുന്നിൽ യുഡിഎഫ് സത്യാഗ്രഹം നടത്തി. സത്യാഗ്രഹം മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.




































