വാടകയ്‌ക്കെടുത്ത സ്‌കൂട്ടറില്‍ എത്തി മുളക്‌പൊടിയെറിഞ്ഞ് വയോധികളുടെ മാല കവര്‍ന്നു…. യുവതിയും, കൂട്ടാളിയും പിടിയില്‍

Advertisement

അരൂര്‍: 86 വയസ്സുള്ള വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവതിയും, കൂട്ടാളിയും പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിഷാദ് (25) നീതു (30) എന്നിവരാണ് പിടിയിലായത്. നീതു സ്‌കൂട്ടര്‍ ഓടിച്ച് നിഷാദ് പിന്നിലിരുന്ന് മുളകുപൊടി വിതറി മോഷണം നടത്തിയ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെ ലഭിച്ചത് പോലീസിന് വഴിത്തിരിവായി. സ്വര്‍ണമല്ലെന്ന് തിരിച്ചറിഞ്ഞ പ്രതികള്‍ മാലയും വഴിയില്‍ ഉപേക്ഷിച്ചെങ്കിലും പോലീസ് അത് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അരൂര്‍ കോട്ടപ്പുറം ഭാഗത്തെ ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്നു 86 വയസ്സുള്ള സരസ്വതിയമ്മ. വാടകയ്‌ക്കെടുത്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ എത്തിയ നീതുവും നിഷാദും മുളകുപൊടി സരസ്വതിയമ്മയുടെ മുഖത്തേക്ക് എറിഞ്ഞ് അവരുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മുളകുപൊടി കണ്ണുകളിലും മുഖത്തിലും പടര്‍ന്നതോടെ വയോധിക നിലത്തുവീണു. പ്രതികള്‍ സ്‌കൂട്ടറില്‍ വേഗത്തില്‍ രക്ഷപ്പെട്ടെങ്കിലും, സരസ്വതിയമ്മയുടെ ഭര്‍ത്താവ് ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ച് സംഭവം അറിയിച്ചു. അയല്‍വാസികളുടെ സഹായത്തോടെ സരസ്വതിയമ്മയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സിക്കുകയായിരുന്നു.
മോഷണം നടന്നയുടന്‍ തന്നെ സരസ്വതിയമ്മയുടെ മകന്‍ അരൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, അയല്‍വാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റും പ്രതികളുടെ വസ്ത്രധാരണവും സിസിടിവി ദൃശ്യങ്ങളില്‍ പകര്‍ത്തിയിരുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്തതിന്റെ രേഖകളിലൂടെ പ്രതികളിലേക്ക് പൊലിസ് എത്തി. പള്ളുരുത്തിയിലെ പ്രതികളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മുളകുപൊടി പാക്കറ്റുകളും മോഷണത്തിന് ഉപയോഗിച്ച വസ്ത്രങ്ങളും കണ്ടെടുത്തു.

Advertisement