യുജിസി – നെറ്റ്‌ അപേക്ഷിക്കാം

Advertisement

യുജിസി – നെറ്റ്‌ ഡിസംബർ 2025 ന്‌ അപേക്ഷിക്കേണ്ട സമയമാണിപ്പോൾ. ഭാഷകൾ, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്‌, വിഷ്വൽ ആർട്സ്, ജേർണലിസം, ഫോറൻസിക് സയൻസ്, ആയുർവേദ ബയോളജി തുടങ്ങി 85 വിഷയങ്ങളിൽ നടക്കുന്ന പരീക്ഷയ്‌ക്ക് നവംബർ ഏഴുവരെ അപേക്ഷിക്കാം. കോളേജുകളിലും സർവകലാശാലകളിലും അസി. പ്രൊഫസർ തസ്തികകളിലെ നിയമനം, ജൂനിയർ റിസർച്ച് ഫേലോ (ജെആർഎഫ് ) അവാർഡ് എന്നിവയ്‌ക്കുള്ള യോഗ്യത നിർണയിക്കുന്നതിനാണ് ഈ പരീക്ഷ നടത്തുന്നത്. സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിനും നെറ്റ് യോഗ്യത ഇപ്പോൾ പ്രധാന ഘടകമാണ്. പരീക്ഷ ഡിസംബർ 31 മുതൽ ജനുവരി ഏഴുവരെ.

യോഗ്യത

വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക/സാമ്പത്തിക പിന്നാക്ക/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം. പരീക്ഷാഫലം കാത്തു നിൽക്കുന്നവർക്കും അർഹതയുണ്ട്. നാലുവർഷ/ തത്തുല്യം ഡിഗ്രി നേടിയവർക്ക് 75 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. അസി.പ്രൊഫസർ നിയമനം/ പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള അപേക്ഷയ്‌ക്ക് പ്രായപരിധി ബാധകമല്ല. ജെആർഎഫിന് അപേക്ഷിക്കുന്നുണ്ടെങ്കിൽ 2025 ഡിസംബർ ഒന്നിന് പ്രായം 30 വയസ്സ് കവിയരുത്. വനിതകൾക്കും സംവരണ വിഭാഗക്കാർക്കും അഞ്ചു വർഷവും എൽഎൽഎം ബിരുദധാരികൾക്ക് മൂന്നു വർഷവും ഇളവുണ്ട്. നെറ്റ് യോഗ്യത നേടുന്ന നാലു വർഷ ബിരുദക്കാർക്ക് ജെആർഎഫിനും പിഎച്ച്ഡി പ്രവേശനത്തിനും യോഗ്യത ഉണ്ടെങ്കിലും അസി.പ്രൊഫസർ നിയമനത്തിന് അപേക്ഷാ അർഹതയില്ല.

Advertisement