കാസർകോട്: ആറുവരി ദേശീയപാതയിൽ തലപ്പാടി – ചെങ്കള റീച്ച് നിർമാണം പൂർത്തിയാക്കി. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞു. ഒറ്റത്തൂണിൽ തീർത്ത രാജ്യത്തെ ഏറ്റവും ഉയരവും വീതിയുമുള്ള മേൽപ്പാലമാണ് കാസർകോട്ടേത്. 1.2 കിലോമീറ്റർ നീളമുള്ള ഒറ്റ തൂണിലെ ആറു വരി മേൽപ്പാലം അടക്കം ഈ റീച്ചിലാണ് ഉൾപ്പെടുന്നത്. ടു വേ രീതിയിൽ തന്നെയാണ് നിർമ്മിച്ചതെന്നും, പാലങ്ങളുടെ വീതി കൂട്ടൽ അടക്കം തുടർ നിർമ്മാണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും കരാറുകാർ വ്യക്തമാക്കി. ഉടൻ ടോൾ പിരിവിനു ഒരുങ്ങുന്ന റോഡിന്‍റെ പ്രത്യേകതകൾ എന്തൊക്കെ എന്ന് ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജർ അജിത് മുജീബ് വിശദീകരിക്കുന്നു-
“ദേശീയപാത 66ന്‍റെ നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗം നിർമാണം പൂർത്തിയാക്കിയിരിക്കുകയാണ്. 1704 കോടി രൂപയാണ് ബജറ്റ്. ഒറ്റത്തൂണിൽ നാലുവരിപ്പാത മുൻപും ഉണ്ടായിട്ടുണ്ട്. ആറുവരി രാജ്യത്തു തന്നെ ആദ്യമായാണ്. ഒരു കിലോമീറ്ററും 200 മീറ്ററുമാണ് ദൂരം. 30 പില്ലറുകളിലെ ഒറ്റത്തൂണിലാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിന്‍റെ ഇരു വശങ്ങളിലുമായിട്ടായിരുന്നു നിർമാണം. 39 കിലോമീറ്റർ അർബൻ മേഖലയാണ്. കടകളും വീടുകളുമെല്ലാം നിറഞ്ഞ പ്രദേശത്തെ നിർമാണം വലിയ വെല്ലുവിളിയായിരുന്നു. ജനങ്ങളുടെ പിന്തുണയോടെ പൂർത്തീകരിക്കാൻ സാധിച്ചു”- അജിത് മുജീബ് പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് പൂർത്തിയായ തലപ്പാടി – ചെങ്കള റീച്ച് 39 കിലോമീറ്ററാണ്. 2021 നവംബർ 18നാണ് നിർമാണം തുടങ്ങിയത്. ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിൽ നാല് പ്രധാന പാലങ്ങളും മഞ്ചേശ്വരം, പൊസോട്ട്, മംഗൽപാടി, എരിയാൽ എന്നിവിടങ്ങളിൽ നാല് ചെറിയ പാലങ്ങളുമുണ്ട്. കാസർകോടും ഉപ്പളയിലുമായി രണ്ട് ഫ്ലൈ ഓവറുകളുണ്ട്. 6 അടിപ്പാതകൾ, 4 ലൈറ്റ് വെഹിക്കിൾ അടിപ്പാതകൾ, 11 കാറ്റിൽ അണ്ടർപാസ്, 10 ഫൂട് ഓവർ ബ്രിഡ്ജ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ആദ്യ റീച്ച്. ദേശീയ പാതാ അതോറിറ്റിയുടെ പ്രൊവിഷനൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റീച്ചാണ് തലപ്പാടി–ചെങ്കള. സർവീസ് റോഡിലെ നടപ്പാതകൾ പോലുള്ള ചുരുക്കം ജോലികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയമുണ്ട്.
































