ക്ഷേത്രങ്ങളിലെ സ്വർണ്ണ തട്ടിപ്പ് സമഗ്രാന്വേഷണം നടത്തണം,അഖിലേന്ത്യാ അയ്യപ്പസമിതി

പി.ടി.ശ്രീകുമാർ (ചെയർമാൻ) (ജനറൽ സെക്രട്ടറി രവീന്ദ്രൻ പോറ്റി, ഡോ.കെ.അനന്ദകൃഷണൻ പോറ്റി (ട്രഷറർ)
Advertisement

പത്തനംതിട്ട. കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ നടത്തിയിട്ടുളള എല്ലാവിധ തട്ടിപ്പുകളും സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഖിലേന്ത്യാ അയ്യപ്പസമിതി സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ സ്വർണ്ണാഭരണങ്ങൾ സംബന്ധിച്ച കണക്കെടുപ്പ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തണം. ശബരിമലയിൽ 15 വർഷമായി നടത്തിയിട്ടുള്ള കാണിക്കയെണ്ണൽ, കടമുറികളുടെ ബലം, സ്വർണ്ണത്തിന്റെ അളവിലുണ്ടായ കുറവ്, ദേവസ്വം ഫണ്ട് ദുരുപയോഗം എന്നിവ ഹൈക്കോടതി സിറ്റിംങ് ജഡ്‌ജി അന്വേഷിക്കണം. ശബരിമലയിലെ ദേവസ്വം ജീവനക്കാരുടെ മുറിയിൽ നിന്നും രഹസ്യമായി സൂക്ഷിച്ചിരുന്നതും പഴകി നശിച്ചതുമായ ചാക്കിൽ കെട്ടിയ നിലയിൽ നോട്ടുകൾ കണ്ടെത്തിയതിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും വിശ്വാസികളെ ഉൾപ്പെടുത്തി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വർഷങ്ങളായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓഡിറ്റ് നടത്താത്തതും പമ്പയിലെ പെട്രോൾ പമ്പിൽ നടത്തിയ വെട്ടിപ്പ് സംബന്ധിച്ചും അന്വേഷണം നടത്തണം.

ശബരിമല സന്നിധാനത്തുനിന്നും അയ്യപ്പ സേവാ സമിതികളെ പുറത്താക്കിയതിന് പിന്നിൽ അഴിമതി നടത്താനുള്ള ഗൂഢാലോചനയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സന്നിധാനത്ത് അയ്യപ്പ സമിതികൾക്ക് പ്രവർത്തന സ്വാതന്ത്യം പുനഃസ്ഥാപിക്കണം.

രവീന്ദ്രൻ പോറ്റി അധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ പി.ടി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു‌. ഡോ.കെ.അനന്തകൃഷ്‌ണൻപോറ്റി, കെ.പി.ചന്ദ്രൻ, തമ്പാനൂർ ചന്ദ്രകുമാർ, എ.രാമകൃഷ്ണ‌ൻ നായർ, അഡ്വ.ഉഷ സുബ്രമണ്യം, കെ.പുഷ്‌പാംഗദൻ നായർ, ബി.ലീല, പുലിപ്ര ശശി, ബി.സുധ, എസ്സ്. ഗോപൻ, വിശാഖം നായർ, ലളിതാരാജ്, വിപിൻ.വി.ജി, രാജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സമിതി ഭാരവാഹികളായി പി.ടി.ശ്രീകുമാർ (ചെയർമാൻ) (ജനറൽ സെക്രട്ടറി രവീന്ദ്രൻ പോറ്റി, ഡോ.കെ.അനന്ദകൃഷണൻ പോറ്റി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement