കാട്ടുപോത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുത്ത യുവാക്കൾക്ക് പിഴ ചുമത്തി വനം വകുപ്പ്

Advertisement

നീലഗിരി കൂനൂരിൽ കാട്ടുപോത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുത്ത യുവാക്കൾക്ക് പിഴ ചുമത്തി വനം വകുപ്പ്. റോഡരികിൽ വിശ്രമിക്കുകയായിരുന്ന കാട്ടുപോത്തിന്റെ മുന്നിൽ പോയി കൂട്ടമായി നിന്ന് ഫോട്ടോയെടുത്ത കൂനൂർ ഉളിക്കൽ സ്വദേശികളായ സന്തോഷ്, ഗോപാലകൃഷ്ണൻ, ജീവകുമാർ എന്നിവർക്കാണ് നീലഗിരി ഡിഎഫ്ഒയുടെ ഉത്തരവ് പ്രകാരം കൂനൂർ റേഞ്ചർ 5000 രൂപ പിഴ ഈടാക്കിയത്. അപകടകരമായ രീതിയിൽ വന്യമൃഗങ്ങളുടെ പരിസരത്ത് പോയി ഫോട്ടോയെടുക്കരുതെന്ന് താക്കീത് നൽ‌കിയാണ് യുവാക്കളെ വിട്ടയച്ചത്.

നീലഗിരി ജില്ല കൂനൂർ സോലാസ് റോഡിൽ തിങ്കളാഴ്ചയാണ് സംഭവം. റോഡരികിൽൽ കിടക്കുകയായിരുന്ന കാട്ടുപോത്തിന്റെ അടുത്തെത്തി യുവാക്കൾ ഫോട്ടോയെടുക്കുകയായിരുന്നു. അതുവഴി പോയ മറ്റു യാത്രകാർ സംഭവം വനം വകുപ്പിനെ അറിയിച്ചു. വൈകിട്ടോടെ യുവാക്കളെ പിടികൂടി പിഴ ചുമത്തുകയായിരുന്നു. നീലഗിരിയിൽ എത്തുന്നവർ വന്യമൃഗങ്ങളെ ശല്യം ചെയ്യരുതെന്നും അടുത്തേക്ക് പോകരുതെന്നും എല്ലായിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പാലിക്കാറില്ലെന്ന് അധിക‍‍ൃതർ പറയുന്നു.

Advertisement