പാലക്കാട് നെന്മാറയില്‍ സജിതയെ ചെന്താമര വെട്ടിക്കൊന്ന കേസില്‍ ഇന്ന് കോടതി വിധി പറയും. മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറയുക. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 31 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. താനും ഭാര്യയും പിരിയാന്‍ കാരണം ഭാര്യയുടെ അടുത്ത സുഹൃത്തായ സജിതയാണെന്ന് വിശ്വസിച്ച ചെന്താമര, സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊല്ലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത നേരം പിറകിലൂടെയെത്തി കത്തി കൊണ്ട് കഴുത്തില്‍ വെട്ടി. പൊലീസ് പിടികൂടി. പക തീരാത്ത ചെന്താമര 2025 ജനുവരി 27 നു ജാമ്യത്തിലിറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മി യേയും കൊലപ്പെടുത്തി. അങ്ങനെ മൂന്നു ക്രൂര കൊലപാതകങ്ങള്‍
നെന്മാറ സി.ഐ ദീപക് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 2020 ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 68 സാക്ഷികളില്‍ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്‌തരിച്ചു. ലാബ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്‌ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ ഓഗസ്‌റ്റ് നാലിനാണ് സാക്ഷിവിസ്‌താരം തുടങ്ങിയത്. മാസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ അഡീഷണല്‍ ജില്ലാ കോടതി ജഡ്‌ജ് കൊന്നത്ത് ജോര്‍ജ് ഇന്ന് വിധി പറയും. സുധാകരനെയും അമ്മ ലക്ഷ്‌മി യേയും കൊലപ്പെടുത്തിയ കേസിലെ വിധിയെ സ്വാധീനിക്കാനാകും വിധമുള്ള ശിക്ഷ ലഭിക്കുെന്നാണ് പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും പ്രതീക്ഷ. നിലവില്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമരയുള്ളത്.
































