കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. പിന്നാലെ ശസ്ത്രക്രിയ നടത്തി. ഷാഫിക്ക് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടര്‍ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും.
പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റതായി ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരന്‍ എന്നിവരുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
പേരാമ്പ്ര സികെജി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ സംഘര്‍ഷങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചത്. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.
































