സ്കൂളിൽ ഹിജാബ് ധരിച്ചു എത്തുന്നതിനു വിദ്യാർത്ഥിനിക്ക് വിലക്കെന്ന് പരാതി

Advertisement

കൊച്ചി. പള്ളുരുത്തിയിലെ സെന്റ് റീത്താസ് ഹൈസ്കൂളിൽ ഹിജാബ് ധരിച്ചു എത്തുന്നതിനു വിദ്യാർത്ഥിനിക്ക് വിലക്കെന്ന് പരാതി യൂണിഫോം ധരിക്കുന്നതിൽ സ്കൂളിന്റെ നിയമം പാലിച്ചില്ല എന്ന് ആരോപിച്ചായിരുന്നു സ്കൂൾ മാനേജ്മെന്റ് വിലക്കിയത് .പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സ്കൂൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചിട്ടു .

അഗസ്റ്റീനിയൻ കന്യാസ്ത്രീകൾ നടത്തുന്ന കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് ഹൈസ്കൂളിലാണ് ഹിജാബ് ധരിച്ചു എത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായത്. കഴിഞ്ഞ ജൂൺ മാസത്തിൽ എട്ടാം ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനി സ്കൂൾ യൂനിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്കൂളിൽ എത്താൻ തുടങ്ങിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ചെത്തിയ ദിവസം സ്കൂളിന്റെ ഗേറ്റിന് പുറത്തുവച്ച് അഴിപ്പിച്ചു എന്നാണ് രക്ഷിതാവിന്റെ പരാതി. പള്ളുരുത്തിയിൽ താമസിക്കുന്ന കുട്ടിയുടെ കുടുംബം, സംഭവത്തിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും വിദ്യാഭ്യാസ മന്ത്രിക്കും മടക്കം പരാതി നൽകി.

എന്നാൽ സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ല ശിരോവസ്ത്രം എന്നും, എല്ലാ കുട്ടികളെയും പോലെ സ്കൂൾ യൂണിഫോം ധരിച്ച് മാത്രം വരണമെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെയും പിടിഎ യുടെയും നിലപാട്. വിദ്യാർത്ഥിനി കൃത്യമായി യൂണിഫോമിലെത്തിയാൽ സ്വീകരിക്കുമെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ.

ഇത്തരം വിഷയങ്ങൾ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.

ഹിജാബ് വിവാദത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധമുയർന്നതോടെ രണ്ട് ദിവസത്തേക്ക് സ്കൂൾ അടച്ചിട്ടു. സ്കൂളിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Advertisement