വാർത്താനോട്ടം

Advertisement

2025 ഒക്ടോബർ 13 തിങ്കൾ

BREAKING NEWS

👉കൊട്ടാരക്കര നെടുവത്തൂർ ആനക്കൊട്ടൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

👉കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.

👉 വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശ്ശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.

👉ഹസ്സല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു പുലര്‍ച്ച രണ്ടരയോടെ ആക്രമണം.

🌴കേരളീയം🌴

🙏 മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയതെന്നും നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ലെന്നും ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്മെന്റാണ് ഇഡിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🙏 ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് മര്‍ദനത്തില്‍ പൊലീസില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിലിനെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

🙏 ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്.

🙏കെ.എസ്.ആര്‍.ടി.സി.
യില്‍ നൂതനമായ തൊഴില്‍ ദാന പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും.

🙏 സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി 61 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത് വന്നു. പരിശീലനത്തിനായി അനുവദിച്ച തുകയുടെ 92 ശതമാനത്തോളം ചെലവാക്കിയത് ഉദ്യോഗസ്ഥരുടെ താമസത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായാണ്.

🙏 കെഎസ്ആര്‍ടിസി
യില്‍ കാന്‍സര്‍ രോഗികള്‍ക്കായുള്ള സൗജന്യ യാത്രാ പാസില്‍ ഒരിടത്തും കാന്‍സര്‍ എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഹാപ്പി ലോംഗ് ലൈഫ് എന്നായിരിക്കും ഈ യാത്രാ കാര്‍ഡിന്റെ പേര്.

🙏 ഉദ്ഘാടന പരിപാടിക്കിടെ ഹോണ്‍ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകള്‍ക്കെതിരെ ഗതാഗത മന്ത്രി നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബസ് ഡ്രൈവര്‍. സ്റ്റാന്‍ഡില്‍ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോണ്‍ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവര്‍ അജയന്‍ പറയുന്നത്.

🙏 തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 845 സ്‌ക്വാഡുകള്‍ പങ്കെടുത്ത പരിശോധനകളില്‍ 2455 ചട്ടലംഘനങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 1.17 കോടി രൂപ പിഴ ചുമത്തി.

🙏 ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്നും ദേവസ്വം ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട് നിരവധി അവതാരങ്ങളുണ്ടായിട്ടുണ്ടെന്ന് വിമര്‍ശിച്ച പ്രശാന്ത്, പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

🙏 ശബരിമല സ്വര്‍ണ കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. അതേസമയം, ശബരിമലയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ് ഐആറില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ എട്ടാം പ്രതിയായി ചേര്‍ത്തു.

🙏 ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

🙏 ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു.

🙏 സ്ത്രീശാക്തീകരണം എല്ലാ മേഖലകളിലും സാധ്യമാക്കുന്നതിനായി കേരള വനിതാ കമ്മീഷന്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികള്‍ കൃത്യമായി അവരിലെത്തിക്കുക, സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുക, എന്നീ ലക്ഷ്യങ്ങളുമായാണ് മുഖാമുഖം പരിപാടികള്‍ നടത്തുന്നതെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

🙏 എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. വടക്കന്‍ പറവൂര്‍ നീണ്ടുരിലാണ് സംഭവം. പറവൂര്‍ സ്വദേശി മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള അമ്പലത്തിന്റെ പരിസരത്തു വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

🙏 സി. സദാനന്ദന്റെ രാജ്യസഭാംഗത്വം ജയരാജന്മാരില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിലേക്ക് കൈയെത്തിപ്പിടിക്കാനുള്ള ആദ്യത്തെ വാതില്‍ തുറക്കലാണിതെന്നും തന്നെ മാറ്റി സി. സദാനന്ദനെ മന്ത്രിയാക്കിയാല്‍ അത് പുതിയ രാഷ്ട്രീയചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

🙏 സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തി.

🙏 ദീപാവലി പ്രമാണിച്ച് റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ബെംഗളുരുവില്‍ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യല്‍ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൊല്ലത്തേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 16നും 21നും ആണ് പുറപ്പെടുക. കൊല്ലത്ത് നിന്ന് തിരികെ ബെംഗളുരുവിലേക്ക് 17നും 22നും ട്രെയിനുകള്‍ ഉണ്ടാകും.

🙏 ആര്‍എസ്എസ് ശാഖയില്‍ പലരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി (24) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി.

🙏 കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസില്‍ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്.

🙏 കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

🙏 മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയയാളെ മദ്യപിക്കാന്‍ അനുവദിക്കാത്തതിന് ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂര്‍ പന്നമല എന്‍. രമേഷ് (50) ആണ് മരിച്ചത്. ചള്ളപ്പാത എംഷാഹുല്‍ ഹമീദ് (38) ആണ് ഇയാളെ കൊലപ്പെടുത്തിയത്.

🇳🇪   ദേശീയം  🇳🇪

🙏 എംബിബിഎസ് വിദ്യാര്‍ത്ഥി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെണ്‍കുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാന്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

🙏 മധ്യപ്രദേശില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ചിത്രത്തിന്റെ പേരില്‍ യുവാവിനെതിരെ അതിക്രമം കാട്ടിയ സംഭവം ജാതി വിഭാഗങ്ങള്‍ തമ്മിലെ തുറന്ന പോരിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. എഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് യുവാവിനെ കൊണ്ട് മറ്റൊരാളുടെ കാലുകള്‍ കഴുകിക്കുകയും ബ്രാഹ്‌മണ സമൂഹത്തോട് പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തിരുന്നു.

🙏 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 29 സീറ്റുകളില്‍ ജനവിധി തേടും.

🙏 ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഗംഗാനൗളി ഗ്രാമത്തിലെ പള്ളി ഇമാമായ ഇബ്രാഹിം മൗലവിയുടെ ഭാര്യ ഇസ്രാനയെയും, അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

🙏 ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരനാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നുമാണ് അഖിലേഷ് പറയുന്നത്.

🙏 പശ്ചിമ ബംഗാളിലെ നാദിയയില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം സുരക്ഷാ സേന 20 കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വര്‍ണം പിടിച്ചെടുത്തത്.

🙏 വനിതാ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഡല്‍ഹിയിലും യുപിയിലും നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത് വിവാദമായിരുന്നു.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ചര്‍ച്ചചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടി ഇന്ന്. അതേസമയം ഇരുപതോളം ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രതിനിധികളാരും എത്തില്ല.

🙏ഇസ്രയേലില്‍ നിന്ന് ആരെയും അയയ്ക്കില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, സ്പെയിന്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

🙏 ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയും ശനിയാഴ്ചയാണ് ഉച്ചകോടിയിലേക്കു മോദിയെ ക്ഷണിച്ചത്.

🙏 കുവൈത്തിലെ അല്‍ ഉയൂണ്‍ പ്രദേശത്തെ ഒരു ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.

🙏 ഗാസയില്‍ ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലെ ഷാം എല്‍-ഷൈഖിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

🙏 പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. സംഘര്‍ഷത്തില്‍ 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തെന്ന് പാകിസ്ഥാനും, പാകിസ്ഥാന്റെ 58 സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാനും പ്രതികരിച്ചു.

🙏 അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200-ലേറെ താലിബാന്‍ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാകിസ്താന്‍ പറഞ്ഞു.

🙏 ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനഃപൂര്‍വം ഇടിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്. ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ കപ്പലുണ്ടായിരുന്നത്.

🙏 അമേരിക്കയിലെ സൗത്ത് കരോലിന ദ്വീപ് നഗരത്തിലെ ഒരു ബാര്‍ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സെന്റ് ഹെലേന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ വെടിവെപ്പ് നടന്നത്.

🙏 ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടക്കുന്ന ‘സമാധാന
ഉച്ചകോടിയില്‍’ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയും ക്ഷണിച്ചു. ഗാസയില്‍ സമാധാനം ലക്ഷ്യമിട്ട് ഇന്ന് നടക്കുന്ന ഉച്ചകോടിയിലേക്കാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയെ അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു.

🏏  കായികം 🏏

🙏 വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ തോല്‍വി. 80 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടേയും 75 നേടിയ പ്രതിക റാവലിന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

🙏 ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്കുശേഷം ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വിന്‍ഡീസ് പൊരുതുന്നു. ആദ്യ ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവിന്റെ അഞ്ചുവിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 248 റണ്‍സിന് പുറത്താക്കിയിരുന്നു.

Advertisement