രൂപം മാറി ഭാവം മാറി, ഇ പി ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു

Advertisement

കണ്ണൂര്‍.വിവാദങ്ങൾക്കൊടുവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ‘ഇതാണ് എന്റെ ജീവിതം’ എന്ന പേരിലാണ് ആത്മകഥ പുറത്തിറക്കുന്നത്. നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യും.

പേരും പ്രസാധകരും മാറി ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുകയാണ്. മാതൃഭൂമി ബുക്സാണ് പുതിയ പ്രസാധകർ.
‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം ‘ എന്ന പേരിൽ ഇ പിയുടെ ആത്മകഥ പുറത്തിറക്കു ന്നുവെന്ന് ഡി സി ബുക്സ് നടത്തിയ പ്രഖ്യാപനം വിവാദമായിരുന്നു. ആത്മകഥയിലെ പരാമർശങ്ങൾ എന്ന പേരിൽ അന്ന് പുറത്തുവന്ന വിവരങ്ങൾ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കും വഴിവെച്ചു. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ ഘട്ടത്തിൽ പുറത്തുവന്ന പുസ്തക ഭാഗത്തിൽ രണ്ടാം പിണറായി സർക്കാരിനെതിരെയും പാലക്കാട്ടെ അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി സരിനെതിരെയും പരാമർശങ്ങൾ ഉണ്ടായിരുന്നു. തന്റെ അനുമതിയില്ലാതെ ഡിസി ബുക്സ് താൻ പറയാത്ത കാര്യങ്ങൾ ആത്മകഥയായി പ്രസിദ്ധീകരിച്ചു എന്നായിരുന്നു ഇ പി ജയരാജൻ പറഞ്ഞിരുന്നത്. ഇ പിയുടെ പരാതിയിൽ ഡിസി ബുക്സിനെതിരെ കേസെടുക്കുകയും ചെയ്തു. പാർട്ടി നേതൃത്വത്തോട് കൊമ്പുകോർത്ത അന്നത്തെ ഇപി അല്ല ഇന്ന്.. അതുകൊണ്ട് ‘ ഇതാണെന്റെ ജീവിതം ‘ എന്ന പേരിൽ ആത്മകഥ പുറത്തിറക്കുന്നത് പൂർണമായും പാർട്ടി വഴിയിലാണ്. മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. വിവാദമാകുന്ന ഉള്ളടക്കം ആത്മകഥയിൽ ഉണ്ടാവാനും സാധ്യതയില്ല

Advertisement