തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് പെരുമ്പഴുതൂർ സ്വദേശി ഭാര്യ സലിതകുമാരി (50) മരിച്ച സംഭവത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോസ് ഫ്രാങ്ക്ളിൻ്റെ പേരിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസ്സെടുത്തു.
സിലിണ്ടർ അപകടത്തിലല്ല, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നും കോൺഗ്രസ് നേതാവിന്റെ പീഡനമാണ് മരണത്തിന് പിന്നിലെന്നും മകൻ രാഹുൽ കെന്നസ് ആരോപിച്ചിരുന്നു.
ഫോറൻസിക് പരിശോധനയ്‌ക്കിടെ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ലൈംഗിക പീഡനത്തിൽ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ടെന്ന് രാഹുൽ കെന്നസ് വ്യക്തമാക്കി. സബ്സിഡിയുള്ള വായ്പ നൽകാമെന്ന് മോഹിപ്പിച്ചാണ് പീഡിപ്പിച്ചതെന്നും മകൻ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് സലിതകുമാരിക്ക് വീട്ടിൽ വച്ചുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. നിലവിളി കേട്ടെത്തിയ മകനും അയൽവാസികളും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സലിതകുമാരി വീടിന് സമീപത്ത് ബേക്കറി നടത്തിവരികയായിരുന്നു. ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ തീപിടിത്തമാണെന്നാണ് കരുതിയിരുന്നത്.





































