റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി ഉൾപ്പെടെ 2 പ്രതികൾ അറസ്റ്റിൽ

Advertisement

തൃശൂര്‍. റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി ഉൾപ്പെടെ 2 പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി ഡോ ഫിദ ഫാത്തിമ മലപ്പുറം സ്വദേശി ഡോ അഹമ്മദ് അജ്നാസ് എന്നിവരെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന് അകത്തും പുറത്തുമായി 6 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.


വേലൂർ സ്വദേശി റിഷ ഫാത്തിമയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്. റഷ്യയിലെ മോസ്കോയിലുള്ള സച്ചിൻ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിൻറെ കയ്യിൽ നിന്ന് പലതവണകളായി 15 ലക്ഷത്തോളം രൂപ തട്ടി. പിന്നീട് പണം നൽകാതെയും സീറ്റ് നൽകാതെയും വർഷങ്ങളായി കബളിപ്പിച്ചതോടെ പ്രതികൾക്കെതിരെ വേലൂർ സ്വദേശിനി എരുമപ്പെട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രതികൾ ഇത്തരത്തിൽ
6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായും സംഭവത്തിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. യൂട്യൂബ് ചാനൽ വഴി സീറ്റ് വാഗ്ദാനം ചെയ്ത് വീഡിയോകൾ ചെയ്തായിരുന്നു തട്ടിപ്പ്. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Advertisement