വാർത്താനോട്ടം

Advertisement

2025 ഒക്ടോബർ 10 വെള്ളി

🌴 കേരളീയം 🌴

🙏 ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എഡിജിപി എച്ച് വെങ്കിടേഷ് നയിക്കുന്ന സംഘത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്.

🙏 പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൃഷ്ണമേനോന്‍ മാര്‍ഗിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച

🙏 കേരളത്തിന്റെ പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട് അനുഭാവ പൂര്‍ണമായ സമീപനമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്വീകരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത 66-മായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച വിഷയങ്ങളില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.

🙏 കേന്ദ്ര മന്ത്രിമാരുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവരെ കണ്ട വിശേഷങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.

🙏 മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

🙏 മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് പര്യടനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ ഒന്‍പത്വരെയാണ് പര്യടനം. ഒക്ടോബര്‍ 16 ന് ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം. ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബര്‍ 24, 25 ദിവസങ്ങളി മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കും. മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളില്‍ മുഖ്യമന്ത്രി സംസാരിക്കും.

🙏 ഒളിമ്പിക്സ് മാതൃകയില്‍ നടത്തുന്ന കേരള സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രോമോ വീഡിയോ മന്ത്രി ജി.ആര്‍. അനില്‍ പ്രകാശനം ചെയ്തു.

🙏 ഓപ്പറേഷന്‍ നുംഖോറില്‍ 3 വാഹനങ്ങള്‍ കൂടി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം സിനിമാ നടന്‍ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം ഉണ്ടായിരുന്നതുമാണ്.

🙏 കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമമരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ ഗൈഡ്‌ലൈന്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

🙏 മലയാള സിനിമയില്‍ ‘ബീഫ് നിരോധന’വുമായി സെന്‍സര്‍ ബോര്‍ഡ്. യുവതാരം ഷെയ്ന്‍ നിഗത്തിന്റെ ഇന്ന് റിലീസ് ചെയ്യാനിരിക്കുന്ന ‘ഹാല്‍’ എന്ന ചിത്രത്തിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങള്‍ നീക്കം ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ്‌സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞതെന്നാണ് വിവരം.

🙏 താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മക്കളെയും കൂട്ടി ആശുപത്രിയിലേക്കെത്തിയ സനൂപ് മക്കളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് ഡോക്ടറുടെ മുറിയിലേക്ക് കയറുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. കുട്ടികളുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്.

🙏 നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിതകുമാരി (52) ആണ് മരിച്ചത്. ഒരു പ്രാദേശിക നേതാവിന്റെ മോശം പ്രവൃത്തിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പില്‍ പരാമര്‍ശമുണ്ട്.

🙏നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ സലിതകുമാരിയുടെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം. ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്നാണ് മകന്‍ പറയുന്നത്.

🙏 ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടിയ ഭര്‍ത്താവും മരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 സര്‍ക്കാര്‍, സ്വകാര്യ മേഖല

കളില്‍ ഒരുപോലെ ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. മാസത്തില്‍ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കുന്ന മെന്‍സ്ട്രുല്‍ പോളിസി 2025 ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

🙏 തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിനൊപ്പം ചേരില്ലെന്ന് നടന്‍ വിജയ്യുടെ പാര്‍ട്ടി ടിവികെ. എടപ്പാടി പളനിസ്വാമി നയിച്ച പൊതുയോഗത്തില്‍ അണ്ണാ ഡിഎംകെ, ബിജെപി കൊടികള്‍ക്കൊപ്പം ടിവികെയുടെ പതാകകളും വീശിയതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.

🙏 ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഉഗ്രസ്ഫോടനത്തില്‍ വീട് തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പുര കലന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.

🙏അധികാരത്തിലെ
ത്തിയാല്‍ബിഹാറിലെ എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി നേതാവ് തേജസ്വി യാദവ്. ചരിത്രപരവും വിപ്ലവാത്മകരവും എന്നാണ് ഈ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ തേജസ്വി യാദവ് വിശേഷിപ്പിച്ചത്.

🙏 ബീഹാറിലെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വീണ്ടും സംശയം ഉന്നയിച്ച് സുപ്രീംകോടതി. ഒരു വീട്ടില്‍ തന്നെ അന്‍പത് വോട്ടുകള്‍ ഉള്ളത് സംശയകരമെന്ന് കോടതി വ്യക്തമാക്കി.

🙏 അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയിലെത്തിയത്.

🇦🇽 അന്തർദേശീയം 🇦🇴

🙏 പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തങ്ങളുടെ ആദ്യത്തെ വനിതാ വിഭാഗം രൂപീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ജമാഅത്ത്-ഉല്‍-മോമിനാത്ത് എന്ന പേരിലാണ് വനിതാ വിഭാഗം അറിയപ്പെടുക. ജെയ്‌ഷെ മുഹമ്മദ് തലവനായ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ പുറത്തിറക്കിയ കത്തിലൂടെയാണ് പ്രഖ്യാപനം.

🙏 2025ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ

ക്രാസ്നഹോര്‍ക്കൈയ്ക്കാണ് പുരസ്‌കാരം. പ്രമേയത്തിലും എഴുത്തിലും പുലര്‍ത്തിയ ഗഹനതയാണ് ലാസ്ലോയുടെ സാഹിത്യത്തിന്റെ സൌന്ദര്യശാസ്ത്രം. 2015 മുതല്‍ നൊബേലിനായി സാധ്യത കല്‍പിച്ചിരുന്ന ലാസ്ലോയെത്തേടി പുരസ്‌കാരമെത്തുന്നത് 71ാം വയസ്സിലാണ്.

🙏 ഗാസയില്‍ വെടി നിര്‍ത്തലിനുള്ള ആദ്യ ഘട്ടത്തിന് ധാരണയിലെത്തി ഇസ്രയേലും ഹമാസും. ഗാസയില്‍ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേല്‍ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിര്‍ത്തല്‍ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ധാരണയില്‍ ഏതാനും പലസ്തീന്‍ തടവുകാരെയും വിട്ടയ്ക്കും.

🙏 ഗാസ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കാനായതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഭിനന്ദന പ്രവാഹം. ലോക രാജ്യങ്ങളിലെ നേതാക്കള്‍ ഫോണിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്.

🏏 കായികം 🏏

🙏 വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 77 പന്തില്‍ 94 റണ്‍സെടുത്ത റിച്ചാ ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവോടെ 49.5 ഓവറില്‍ 251 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.

Advertisement