അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികനെ മർദിച്ച സംഭവത്തിൽ നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി. അഴീക്കോട് സ്വദേശിയായ ജിഷ്ണു സി.കെ (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി.കെ (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കൽ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്.
ഒക്ടോബർ 5നായിരുന്നു സംഭവം. വീടിനടുത്ത് കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനിടെ അഴീക്കൽ സ്വദേശിയായ വയോധികനെ നാലുപേർ ചേർന്ന് മർദിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
































