ആലപ്പുഴ. ഹൗസ് ബോട്ടിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. ചെന്നൈ സ്വദേശി സുൽത്താൻ ആണ് മരിച്ചത്. ബോട്ടിലെ ജീവനക്കാരൻ സുൽത്താന്റെ നെഞ്ചിൽ ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഘർഷത്തിനിടെ മരിച്ച സുൽത്താനെ ഹൗസ് ബോട്ട് ജീവനക്കാരൻ നെഞ്ചിൽ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് . സംഘർഷം കണ്ടു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചെന്നായിരുന്നു പോലീസ് റിപ്പോർട്ട്. ബോട്ടിലെ ടേബിളിന്റെ ചില്ല് പൊട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ കെമിക്കൽ ലാബിലേക്ക് അയച്ചു. സംഭവ ദിവസം കുടുംബമോ ബോട്ടിലെ മറ്റ് യാത്രക്കാരോ മൊഴി നൽകാൻ തയ്യാറായിരുന്നില്ല. നാളെ ചെന്നൈയിൽ നിന്ന് കുടുംബം നേരിട്ടെത്തി പരാതി നൽകും. അതെ സമയം, സുൽത്താനെ മർദിച്ചിട്ടില്ലെന്നാണ് ബോട്ട് ഉടമയുടെ വാദം.






































