ശബരിമല സ്വർണ മോഷണ വിവാദത്തിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടൽ

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണ മോഷണ വിവാദത്തിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടൽ. മന്ത്രി വി.ശിവൻകുട്ടിക്ക് എതിരായ പ്ലക്കാർഡിലും കെ.കെ.ശൈലജക്ക് എതിരായ കൂക്കുവിളിയിലും പ്രകോപിതരായ മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുന്നതിനും ഇന്ന് നിയമസഭ സാക്ഷിയായി. ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻ്റ് വാർഡും തമ്മിൽ ഉന്തും തള്ളും നടന്നു.

ശബരിമല സ്വർണ മോഷണ വിവാദത്തിൽ നിയമസഭ സ്തംഭിപ്പിക്കലായിരുന്നു ഇന്നലെയും മിനിങ്ങാന്നും പ്രതിപക്ഷം സ്വീകരിച്ച പ്രതിഷേധ മാർഗം. എന്നാൽ മൂന്നാം ദിവസം എത്തിയപ്പോൾ പ്രതിഷേധത്തിൽ മട്ടു മാറി.

ബാനറും പ്ലക്കാർഡും ഉയർത്തിയുള്ള പ്രതിഷേധം ചെറുക്കാൻ സ്പീക്കറും കരുതൽ എടുത്തിരുന്നു. മുഖം മറയ്ക്കുന്നത് തടയാൻ ഡയസിനും അതിന് മുന്നിലുളള ഉദ്യോഗസ്ഥർക്കും ഇടയിലുള്ള സ്ഥലത്ത് വാച്ച് ആൻഡ് വാർഡിനെ അണിനിരത്തി. പ്രതിപക്ഷം ഡയസിലേക്ക് ഇരച്ച് കയറുന്നത് തടയാൻ വാതിലുകളിലും വാച്ച് ആൻഡ് വാർഡിനെ വിന്യസിച്ചു.പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള 40 മിനിറ്റ് മുന്നോട്ട് പോയി. ഇതിനിടെ പ്രതിപക്ഷാംഗങ്ങൾ വാച്ച് ആൻഡ് വാർഡ് തീർത്ത മനുഷ്യ മതിൽ ഭേദിച്ച് ഡയസിലേക്ക് കയറാൻ ശ്രമിച്ചു. ഇതോടെ വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമായി.

വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിക്കുന്നുവെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷം രംഗത്തുവന്നു

ബജറ്റ് തടസ്സപ്പെടുത്തൽ കാലത്ത് സഭയിൽ ബഹളം വെച്ച വി.ശിവൻ കുട്ടിയുടെ ചിത്രം അടങ്ങിയ പ്ലക്കാർഡ് പ്രതിപക്ഷം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. സബ്മിഷൻ ഉന്നയിച്ചുകൊണ്ടിരുന്ന കെ കെ ശൈലജക്ക് നേരെ കൂക്കി വിളി കൂടി ഉണ്ടായതോടെ ഭരണ പക്ഷം പ്രകോപിതരായി. മന്ത്രി സജി ചെറിയാന്റെ കൈയ്യും പിടിച്ച് മന്ത്രി മുഹമ്മദ് റിയാസ് നടുത്തളത്തിലേക്ക് വന്നു, പിന്നാലെ ഭരണപക്ഷ എംഎൽഎമാരും. ഇതോടെ സഭാതലം അസാധാരണ രംഗങ്ങൾക്ക് വഴിമാറി

ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള നടുത്തളത്തിലെ വാക്കേറ്റം പരിധി വിടുമെന്ന് കണ്ടതോടെ സ്പീക്കർ സഭ നിർത്തിവച്ചു

പിന്നീട് സഭ പുനരാരംഭിച്ചപ്പോൾ സംസാരിച്ച പ്രതിപക്ഷ നേതാവ് പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രിയും ഭരണപക്ഷവും ആണെന്ന് ആരോപിച്ചു

നിയമസഭയിൽ പലപ്പോഴും ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പ്രതിഷേധങ്ങളും നടന്നിട്ടുണ്ടെങ്കിലും മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുന്നത് അസാധാരണ കാഴ്ചയായി

Advertisement