കൊല്ലം. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം മാത്രമല്ല, ശ്രീകോവിലിന്‍റെ കട്ടിളയിലെ സ്വര്‍ണവും നഷ്ടമായി. കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടെന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നു. കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൊടുത്തുവിട്ടത് ചെമ്പെന്ന് രേഖപ്പെടുത്തിയാണ്. ഇവ തിരിച്ചുവന്നതായി ദേവസ്വത്തില്‍ രേഖകളില്ല.ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോയി തിരികെ കൊണ്ടുവന്നപ്പോൾ മഹസർ തയ്യാറാക്കിയത് വിജിലൻസ് കേസിലെ പ്രതിയായ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന രേഖകളും പുറത്ത്.
ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളിക്ക് മുന്‍പ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമായിരുന്നു. 2019 മാര്‍ച്ചിലായിരുന്നു ആ സ്വര്‍ണക്കടത്ത്.ശ്രീകോവിലിന്‍റെ വാതില്‍ നിര്‍മിച്ച് നല്‍കുന്നതിന്‍റെ മറവിലാണ് കട്ടിളയിലെ സ്വര്‍ണമോഷണത്തിന് തിരക്കഥ ഒരുങ്ങിയത്. വാതിലിനൊപ്പം കട്ടിളയും സ്വര്‍ണം പൂശി നല്‍കാമെന്ന് ഉണ്ണികൃഷ്ണന്‍ കത്ത് നല്‍കി.1999ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതായിരുന്നു കട്ടിളയും. പക്ഷെ 2019 മാര്‍ച്ച് 20ന് കട്ടിള ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ എഴുതിയത് കട്ടിളയിലെ ചെമ്പ് പാളിയെന്ന്.
എന്നാല്‍ ഈ പാളികള്‍ തിരികെയെത്തിയോ, ഈ സ്വര്‍ണം എന്ത് ചെയ്തു തുടങ്ങി പിന്നീട് നടന്ന കാര്യങ്ങളിലൊന്നും ദേവസ്വം രേഖകളില്‍ വ്യക്തതയില്ലെന്നുമാണ് വിജിലന്‌സിന്‍റെ കണ്ടെത്തല്‍.അതേസമയം ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോയി തിരികെ കൊണ്ടുവന്നപ്പോൾ മഹസർ തയ്യാറാക്കിയത് വിജിലൻസ് കേസിലെ പ്രതിയായ ഉദ്യോഗസ്ഥൻ വിജിലൻസ് കേസിൽ അറസ്‌റ്റിലായ മറ്റൊരു ഉദ്യോഗസ്‌ഥന്റെ പേരും മഹസറിൽ ഉണ്ട്.
ശബരിമല ക്ഷേത്രത്തിലെ സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ ഗുണമേന്മയും അളവും തിട്ടപ്പെടുത്തേണ്ട ദേവസ്വം സ്‌മിത്തോ വിജിലൻസ് ഉദ്യോഗസ്‌ഥനോ മഹസറിൽ ഒപ്പുവെച്ചിട്ടില്ല. മഹസറിൽ അഴിമതി കേസ് പ്രതിയായ ജയപ്രകാശിന്റെ പേരു ചേർത്തിട്ടുണ്ടെങ്കിലും ഒപ്പു വയ്ക്കാതിരുന്നതും സംശയങ്ങൾക്ക് ഇട നൽകുന്നു.
അതിനിടെ ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് മറ്റ് 2 പേർക്കെതിരെയും നടപടി. മുൻ ഉദ്യോഗസ്ഥരുടെ വിരമിക്കൽ ആനുകൂല്യം തടയും. നടപടി മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്, തിരുവാഭരണം കമ്മീഷണർ KS ബൈജു എന്നിവർക്കെതിരെ
വിരമിക്കൽ ആനുകൂല്യം തടയാൻ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കൽ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ആലോചനയുണ്ട്.





































