കൊച്ചി. ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യം കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. ദുൽഖറിന്റെ വാദങ്ങൾ അപക്വമെന്നായിരുന്നു
കസ്റ്റംസ് കോടതിയിൽ സ്വീകരിച്ച നിലപാട്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് അതുകൊണ്ട് തന്നെ ഡിഫൻഡർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വ്യക്തമാക്കി.
എന്നാൽ ഡിഫൻഡറിൻ്റെ ആദ്യ റജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ് കാരണമെന്നും ഇതിനു തെളിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.
20 വർഷമായി ഇവിടെ ഓടിക്കൊണ്ടിരുന്ന വാഹനം ഒരാൾ പണം കൊടുത്ത് വാങ്ങിയത് അല്ലെയെന്നും കോടതി ആരാഞ്ഞു.
തുടർന്നാണ് വാഹനം വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ സമീപിക്കാൻ ദുൽഖറിനോട് കോടതി നിർദേശിച്ചത്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ വാഹനം വിട്ടുകൊടുക്കുന്നത് കസ്റ്റംസ് പരിഗണിക്കണം. 20 വർഷത്തെ രേഖകളാണ് ഹാജരാകേണ്ടത്. ആവശ്യം നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങള്‍ അറിയിക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ കസ്റ്റംസിനോട് പറഞ്ഞു.




































