തിരുവനന്തപുരം. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തർക്കം സമവായത്തിലേക്ക്.. ക്രൈസ്തവ മാനേജ്മെൻ്റുകളും സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായും, വിദ്യാഭ്യാസ മന്ത്രിയുമായും ചർച്ച നടത്തി.. വീണ്ടും നിയമോപദേശം തേടാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചന
ഭിന്നശേഷി അധ്യാപക നിയമനത്തെ തുടർന്ന് എയ്ഡഡ് മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കെസിബിസി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രിയെ കണ്ടിരുന്നു.. പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുമായി ഫോണിൽ ആശയവിനിമയം നടത്തിയത്. ഭിന്നശേഷി അധ്യാപക നിയമനത്തിൽ എൻഎസ്എസിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മറ്റു മാനേജ്മെൻറ്കൾക്കും ബാധകമാക്കണമെന്നാണ് ക്ലീമിസ് ബാവ ആവശ്യപ്പെട്ടത്.
നിലവിൽ ലഭിച്ച നിയമപദേശപ്രകാരമാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും, വിഷയത്തിൽ വീണ്ടും നിയമോപദേശം തേടാമെന്നും വിദ്യാഭ്യാസമന്ത്രിയും അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ക്ലീമിസ് ബാവ അറിയിച്ചിരുന്നു






































