ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ

Advertisement

എറണാകുളം: എറണാകുളം കോതമംഗലത്ത് ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. അടിമാലിയിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് ജോലി സംബന്ധമായി അടിമാലിയിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇരുമ്പ്പാലത്തെത്തിയപ്പോൾ മേതല സ്വദേശി ബിജു ബസിൽ കയറി. യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നിൽപ്പുറപ്പിച്ചു. നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചപ്പോൾ തട്ടിക്കയറി. യാത്രക്കാരും ജീവനക്കാരും ഇടപെട്ടു.

പ്രതിയെ പിടികൂടി ഊന്നുകൽ പൊലീസിൽ ഏൽപ്പിച്ചു. ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു. വീടുകയറി ആക്രമിച്ചതടക്കം പ്രതിക്കെതിരെ മൂവാറ്റുപുഴ, കുറുപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

Advertisement