യുവാവിനെ കൊലപ്പെടുത്തി മൃതദ്ദേഹം കത്തിച്ച പ്രതി സ്വവർഗ അനുരാഗിയായ സൈക്കോ കില്ലർ

Advertisement

തൃശ്ശൂർ. ചൊവ്വന്നൂരിൽ , യുവാവിനെ കൊലപ്പെടുത്തി മൃതദ്ദേഹം കത്തിക്കാൻ ശ്രമിച്ച പ്രതി സൈക്കോ കില്ലർ എന്ന് പോലീസ്. ചൊവ്വന്നൂർ സ്വദേശിയായ പ്രതി സണ്ണി സ്വവർഗ അനുരാഗിയെന്നും കൊല്ലപ്പെട്ട ആളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു. കുറ്റം സമ്മതിച്ച പ്രതിയുമായി സംഭവ സ്ഥലത്തെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

പത്തൊമ്പതാം വയസ്സിൽ അമ്മയുടെ അമ്മയെ കൊലപ്പെടുത്തിയാണ് തുടക്കം. 2005 ഇതര സംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തി. മാനസികരോഗി എന്ന രേഖയുണ്ടാക്കി ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മറ്റ് അടിപിടി കേസുകളിലും സണ്ണി പ്രതിയായിട്ടുണ്ട്. സണ്ണി സ്വവർഗ അനുരാഗിയും സൈക്കോ കില്ലറും ആണെന്നാണ് കുന്നംകുളം പോലീസ് അറിയിക്കുന്നത്. ചൊവ്വന്നൂർ സെൻററിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സെൻ്റ് മേരിസ് കോട്ടോർസിൽ മാസങ്ങളായി താമസിച്ചു വരികയായിരുന്നു ഇയാൾ. അപരിചിതരായ ആളുകളുമായി സണ്ണി പതിവായി വാടക കോട്ട്വേർസിൽ എത്തിയിരുന്നതായാണ് മറ്റു മുറികളിലെ താമസക്കാരും പരിസരവാസികളും പറയുന്നത്. ഇതിന് സമാനമായാണ് ശനിയാഴ്ചയും പ്രതി കൊല്ലപ്പെട്ട യുവാവിനെ കൂട്ടിക്കൊണ്ടുവന്നത്.

കുന്നംകുളം ബിവറേജസിൽ വച്ചു പരിചയപ്പെട്ട യുവാവുമായി ശനിയാഴ്ച കോർട്ടേഴ്സിൽ എത്തിയ സണ്ണി ഒന്നിച്ച് താമസിക്കുകയും ഇതിനിടയിൽ പണത്തെ ചൊല്ലി സണ്ണി യുവാവുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തർക്കത്തിനൊടുവിലാണ് കൊല്ലപ്പെട്ട യുവാവ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സണ്ണി ഇയാളെ കുത്തിപരിക്കേൽപ്പിക്കുകയും ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. കൊലപാതകത്തിനുശേഷം ആദ്യം വടക്കാഞ്ചേരിയിലെ സുഹൃത്തിൻറെ വീട്ടിലേക്കും പിന്നീട് തൃശ്ശൂർ നഗരത്തിലേക്കും എത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ സിഗ്നലുകളും പരിശോധിച്ചാണ് പോലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിക്കുന്നതും കൂടുതൽ വിവരങ്ങൾ മൊഴി നൽകുന്നതും. ഫോറൻസിക് വിദഗ്ധരുടെ അടക്കം നേതൃത്വത്തിൽ പ്രതിയുമായി എത്തി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. അതേസമയം കൊല്ലപ്പെട്ടയാളെ തിരിച്ചറിയാത്തതിനാൽ കൂടുതൽ വ്യക്തതക്കായി അന്വേഷണം തുടരുകയാണ് പോലീസ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Advertisement