തെരുവ്‌നായ ബോധവത്കരണത്തിനിടെ നാടക കലാകാരന് നായയുടെ കടിയേറ്റു…നായ വേദിയിൽ കയറിയതും ഇറങ്ങിയതും നാടകത്തിന്റെ ഭാഗമാണെന്ന് കാണികളും കരുതി

Advertisement

മയ്യില്‍: കണ്ണൂര്‍ കണ്ടക്കൈയിൽ തെരുവ് നായ ബോധവത്ക്കരണത്തിനിടെ നാടക കലാകാരന് നായയുടെ കടിയേറ്റു. കണ്ടക്കൈപ്പറമ്പ് സ്വദേശി പി. രാധാകൃഷ്ണനാണ് കടിയേറ്റത്.കണ്ടക്കൈ പി.കൃഷ്ണപ്പിള്ള വായനശാലയിലായിരുന്നു ബോധവത്ക്കരണ നാടകാവതരണം.


കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാലയിലാണ് സംഭവം. തെരുവ് നായ ശല്യത്തിനെതിരെയുള്ള ബോധവത്ക്കരണ പരിപാടിയിൽ ‘പേക്കാലം’ എന്ന ഏകപാത്ര നാടകം അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണൻ.നാടകം തുടങ്ങി അൽപസമയത്തിനകം വേദിയുടെ പിന്നിൽ നിന്ന് കയറിവന്ന നായ വലുത് കാലിന് പിന്നിലായി കടിക്കുകയായിരുന്നു.

നാടകത്തിനിടെ നായ കുരയ്ക്കുന്ന ശബ്ദം പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നു.ഈ സമയത്താണ് നായ ആക്രമിച്ചത്. നായ വേദിയിൽ കയറിയതും ഇറങ്ങിയതും നാടകത്തിന്റെ ഭാഗമാണെന്ന് കാണികളും കരുതി.എന്നാൽ പത്ത് മിനിറ്റോളം വേദന സഹിച്ച് നാടകം പൂർത്തിയാക്കിയ ശേഷമാണ് രാധാകൃഷ്ണൻ ഇക്കാര്യം സംഘാടകരെ അറിയിച്ചത്. തുടർന്ന് പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Advertisement