ഭരതനാട്യത്തിന്റെ രീതി ശാസ്ത്രങ്ങൾ പകർന്ന് ആറ്റൂർ ജിഷ്ണുചന്ദ്രന്റെ ശിൽപ്പശാല

Advertisement

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്ത് വ്യത്യസ്‌തമായ ഒരു ശില്‍പ്പശാല അരങ്ങേറി. കേരളത്തില്‍ അങ്ങോളമിങ്ങോളം നിന്നുള്ള നര്‍ത്തകര്‍ പങ്കെടുത്ത ഒരു ഭരതനാട്യം ശില്‍പ്പശാല.

ഭരതനാട്യത്തിലെ പരമ്പരാഗത അറിവുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ആറ്റൂര്‍ ജിഷ്‌ണുചന്ദ്രന്‍ എന്ന നര്‍ത്തകനാണ് ഈ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. കൊല്ലം കൊറ്റംകുളങ്ങര ശ്രുതിലയ നാട്യഗൃഹത്തിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഭരതനാട്യത്തിന്‍റെ ചരിത്രം, നാട്യശാസ്‌ത്രം, അഭിനയ ദര്‍പ്പണം തുടങ്ങിയ അമൂല്യ ഗ്രന്ഥങ്ങളിലെ ഉള്ളറിവുകള്‍, ശരീരത്തിലെ ഊര്‍ജ്ജപ്രവാഹങ്ങളെ നൃത്തത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താം, അടവുകളെ എങ്ങനെ സമന്വയിപ്പിക്കാം, അഭിനയം തുടങ്ങിയ പാഠങ്ങള്‍ പുതുതലമുറ നര്‍ത്തകരിലേക്ക് പകരുകയായിരുന്നു തൃശൂര്‍ ആറ്റൂര്‍ സ്വദേശിയായ ജിഷ്‌ണുചന്ദ്രന്‍.

കലാമണ്ഡലത്തിലെ പ്രമുഖ നര്‍ത്തകരടക്കം ശില്‍പ്പശാലയില്‍ പങ്കെടുത്തു. ശില്‍പ്പകല, ചിത്രകല, കൂത്ത്, കൂടിയാട്ടം അടക്കം വിവിധ കലാരംഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പരിപാടിയില്‍ സംബന്ധിച്ചു. കൂടിയാട്ടം കലാകാരി കലാമണ്ഡലം ഹരിപ്രിയ, രശ്‌മി തുടങ്ങിയ പ്രമുഖ നര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൊല്ലം ചവറ വികാസ് കള്‍ച്ചറല്‍ സെന്‍ററിലായിരുന്നു രണ്ട് ദിവസത്തെ ശില്‍പ്പശാല അരങ്ങേറിയത്.നൃത്തത്തെ കുറിച്ച് ഏറെ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ ശില്‍പ്പശാല സഹായകമായെന്ന് വര്‍ഷങ്ങളായി ശ്രുതി ലയയില്‍ നൃത്തം അഭ്യസിക്കുകയും നൃത്തത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലടക്കം നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്‌തിട്ടുള്ള പ്രാര്‍ത്ഥന മോഹന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. നൃത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു രണ്ട് ദിവസത്തെ ഈ നൃത്തശാലയെന്നും പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ത്തു.

ഭാവിയിലും ഇത്തരം ശില്‍പ്പശാലകള്‍ മറ്റ് നൃത്ത ഇനങ്ങളായ മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയവയിലും സംഘടിപ്പിക്കണമെന്ന് കരുതുന്നതായി പരിപാടിയുടെ സംഘാടകരായ ശ്രുതിലയ നാട്യഗൃഹം ഡയറക്‌ടര്‍മാരായ ഉദയലക്ഷ്‌മിയും ശ്രുതി വി പിള്ളയും ഇടിവി ഭാരതിനോട് പറഞ്ഞു. നൃത്തത്തില്‍ പരിണിത പ്രജ്ഞരായ ഇത്തരം കലാകാരന്‍മാരുടെ ഇത്തരം പരിപാടികള്‍ തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികള്‍ക്കും നൃത്തത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശരീരത്തെയും മനസിനെയും ഭാവത്തെയും നവീകരിച്ച് നൃത്തത്തെ കൂടുതല്‍ ഓജസോടെ രംഗത്ത് അവതരിപ്പിക്കുന്നത് എങ്ങനെ എന്നതിലൂന്നിയായിരുന്നു ക്ലാസുകള്‍. രണ്ട് ദിവസങ്ങളിലായി നടന്ന ശില്‍പ്പശാല നര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രയോഗിക പരിശീലനമടക്കമാണ് ശില്‍പ്പശാലയില്‍ ഒരുക്കിയിരുന്നത്. പരമ്പരാഗത രീതികളെയും അംഗചലന ശൈലികളെയും കുറിച്ച് അവതരണത്തോടെയുള്ള ക്ലാസുകളായിരുന്നു.

ഭരതനാട്യത്തെക്കുറിച്ച് ഒരു ആധികാരിക ഗ്രന്ഥത്തിന്‍റെ പണിപ്പുരയിലാണ് യുവ നര്‍ത്തകനും എഴുത്തുകാരനും നിരൂപകനും ഗവേഷകനുമായ ആറ്റൂര്‍ ജിഷ്‌ണു ചന്ദ്രന്‍.

Advertisement