മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. മിമിക്രി, കോമഡി വേദികളില്‍ നിന്നും സിനിമാ രംഗത്തേക്കും എത്തിയ ഉല്ലാസ് സ്റ്റേജില്‍ എത്തുമ്പോള്‍ ഒരു ഓളമാണ്. എന്നാന്‍ വേദികളില്‍ കൗണ്ടറുകള്‍ കൊണ്ട് കാണികളെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസിന്റെ പുതിയൊരു വീഡിയോ ഏവരുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുകയാണ്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉല്ലാസിന്റെ ആരോഗ്യം വളരെ മോശമായാണ് കാണപ്പെടുന്നത്.
ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉല്ലാസ് പന്തളം. ഊന്നുവടിയുടേയും പരസഹായത്താലുമാണ് അദ്ദേഹം നടക്കുന്നത്. ശരീരത്തിന് ഒരു തളര്‍ച്ചയുള്ളത് പോലെ കാണാനാകും. ഒപ്പം മുഖത്തിന്റെ ഒരു വശം കോടിയിട്ടും ഉണ്ട്. ഒരു കൈയ്ക്ക് സ്വാധീനക്കുറവും ഉണ്ട്. വേദിയില്‍ വച്ച് തനിക്ക് സ്‌ട്രോക്ക് വന്നതാണെന്നും ഉല്ലാസ് പറയുന്നുണ്ട്. ‘എനിക്ക് സ്‌ട്രോക്ക് വന്നകാര്യം ആര്‍ക്കും അറിയത്തില്ല. ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമെ അറിയുള്ളൂ. ഇതിന്റെ വീഡിയോകളൊക്കെ പുറത്ത് പോകുമ്പോഴെ എല്ലാവരും അറിയൂ’, എന്ന് ഉല്ലാസ് പന്തളം പറയുന്നു. പരിപാടി കഴിഞ്ഞ് പോകാന്‍ നേരം കണ്ണുനിറഞ്ഞ് കാറിലിരിക്കുന്ന നടന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
അടുത്തിടെയാണ് ഉല്ലാസ് പന്തളം രണ്ടാമതും വിവാഹിതനായത്. ആദ്യ ഭാര്യയുടെ മരണശേഷം അഭിഭാഷകയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യയെയാണ് ലളിതമായ ചടങ്ങില്‍ ഉല്ലാസ് വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. എന്നാല്‍, ആദ്യഭാര്യയുടെ മരണത്തിന് തൊട്ടുപിന്നാലെ വിവാഹിതനായതിന്റെ പേരില്‍ ഉല്ലാസിന് ഒട്ടനവധി ആരോപണങ്ങളും പഴികളും കേള്‍ക്കേണ്ടി വന്നിരുന്നു.
































