കൊച്ചി ധനുഷ്കോടി ദേശീയപാത നിർമ്മാണ നിരോധനം, സമരം ശക്തമാക്കാൻ ദേശീയപാത സംരക്ഷണ സമിതി

Advertisement

ഇടുക്കി.കൊച്ചി ധനുഷ്കോടി ദേശിയപാത നിർമ്മാണ നിരോധനകേസിൽ സർക്കാരിനെതിരെ സമരം ശക്തമാക്കാൻ ദേശിയപാത സംരക്ഷണ സമിതി. തിങ്കളാഴ്ച അടിമാലിയിൽ ദേശിയപാത
ഉപരോധിച്ച് സൂചനസമരം നടത്തും. നിരോധനം ബാധിച്ചിരിക്കുന്ന പ്രദേശം വനഭൂമി അല്ലെന്ന സത്യവാങ്മൂലം നൽകിയില്ലെങ്കിൽ മന്ത്രി അടക്കമുള്ളവരെ വഴിയിൽ തടയാനാണ് തീരുമാനം.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കൊച്ചി ധനുഷ്കോടി ദേശിയപാതയിൽ നേര്യമംഗലം മുതൽ വാളറവരെ നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്. വനഭൂമിയിലാണ് നിർമ്മാണമെന്ന
ആദ്യ സത്യവാങ്മൂലമാണ് ഹൈക്കോടതി ഉത്തരവിന് കാരണം. എന്നാൽ ഭൂമി പൊതുമരാമത്തിന് വർഷങ്ങൾക്ക് മുൻപ് കൈമാറിയതാണെന്നും, മലയാറ്റൂർ റിസർവിന്റെ ഭാഗമല്ലെന്നും
സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും കേസ് പരിഗണിച്ചപ്പോഴൊന്നും എതിർസത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വഴിതടയൽ സമരത്തിലേയ്ക്ക് കടക്കാൻ
സംയുക്ത സമര സമിതി തീരുമാനിച്ചത്.

കേസ് പരിഗണിക്കുന്ന ചൊവ്വാഴ്ചയും സർക്കാർ സത്യവാങ് മൂലം സമർപ്പിച്ചില്ലെങ്കിൽ ദേവികുളം എംഎൽഎ, മന്ത്രി റോഷി അഗസ്റ്റിൽ എന്നിവരെ വഴിയിൽ തടയാനും ഉപരോധിക്കാനുമാണ്
തീരുമാനം. സർക്കാർ സമാന നിലപാട് തുടർന്നാൽ ബുധനാഴ്ച ദേവികുളം താലൂക്കിൽ ഹർത്താൽ ആചരിക്കുമെന്ന് കോൺഗ്രസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിലേറെയായി
നിർമ്മാണം നിലച്ച നേര്യമംഗലം വാളറ റൂട്ടിൽ യാത്രാ ക്ലേശവും ഇരട്ടിയായിട്ടുണ്ട്. ഹൈറേഞ്ച് മേഖലയുടെ ആകെ വികസനത്തെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ വേണ്ടത്ര
പരിഗണന നൽകുന്നില്ലെന്ന വികാരവും മേഖലയിൽ ശക്തമാണ്.

Advertisement